*പ്രഭാത വാർത്തകൾ*2022 | നവംബർ 30 | ബുധൻ |

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചാന്‍സലാറായ ഗവര്‍ണര്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു യോഗ്യത ഇല്ലെന്നും കോടതി. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

◾റീട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത്. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ. നിലവില്‍ കറന്‍സിയുടെ അതേ മൂല്യമായിരിക്കും. തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാണു വിതരണം. മൊത്തവിപണിയില്‍ ഈ മാസം ഒന്നിന് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.

◾വിഴിഞ്ഞത്ത് പിന്നോട്ടില്ലെന്ന് സര്‍ക്കാറും സമരസമിതിയും. രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തില്‍ മന്ത്രി വി. അബ്ദു റഹ്‌മാന്‍ പറഞ്ഞു. അടുത്ത ഓണത്തോടെ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമരസമിതി. ഓഖി ദുരിതബാധിതരുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നു വിഴിഞ്ഞം സമരസമിതി കുറ്റപ്പെടുത്തി.

◾വിഴിഞ്ഞത്തു സമരം ചെയ്യുന്നത് രാജ്യദ്രോഹമെന്ന് ആരോപിച്ച മന്ത്രിമാരാണു ദേശദ്രോഹികളെന്നു വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ജോയ് ജെറാള്‍ഡ്. ദേശത്തേയും തീരത്തേയും വില്‍ക്കുകയും ജനദ്രോഹ നടപടികള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തവരാണു രാജ്യദ്രോഹികള്‍. വിദേശ ഫണ്ടും അദാനി ഫണ്ടും വാങ്ങി കൊഴുത്തു തടിച്ചത് അവരാണ്. കിടപ്പാടം നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏഴു വര്‍ഷമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവാക്കിയിട്ടില്ല. മൂന്നു സെന്റ് സ്ഥലവും 750 ചതുരശ്രയടി വിസ്തീര്‍ണമള്ള വീടുമാണു ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഏഴു വര്‍ഷമായി പുഴുവരിക്കുന്ന സിമന്റ് ഗോഡൗണിലാണ് തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ജെറാള്‍ഡ് കുറ്റപ്പെടുത്തി.

◾വിഴിഞ്ഞത്തെ ആക്രമണ കേസുകള്‍ അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

◾സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്.

◾സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് കേരള ഹൈക്കോടതി. ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാനാവാത്ത അവസ്ഥയാണോയെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ ഹോസ്റ്റലുകളില്‍ രാത്രി 9.30 നു മുമ്പു പ്രവേശിക്കണമെന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

◾അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന്. പത്തു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

◾തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡെപ്യൂട്ടി മാനേജര്‍ ഡോ. ജഗ്ഗു സ്വാമിയുടെ മൂന്നു സഹപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താന്‍ സഹായിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടനിലക്കാരായി എന്ന കേസില്‍ ലുക്ക് ഔട്ട് നോട്ടീസുള്ള തുഷാര്‍ വെള്ളാപ്പള്ളിയും ജഗ്ഗു സ്വാമിയും ഒളിവിലാണ്.

◾കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്റക്‌സില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആയിത്തറ മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മാസത്തെ കമ്മിഷന്‍ തുകയില്‍ 49 ശതമാനം മാത്രമേ അനുവദിക്കൂവെന്ന ഉത്തരവിനെതിരേ കടകളടച്ച് സമരം പ്രഖ്യാപിച്ചതോടെയാണു സര്‍ക്കാര്‍ തിരുത്തിയത്. കമ്മീഷന്‍ ഡിസംബര്‍ 23നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

◾സര്‍വകലാശാലകളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികളുടെ ഭാവിയും വിദ്യാഭ്യാസവുമാണ് നശിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചു ചെയ്ത തെറ്റുകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകര്‍ത്തത്. ഹൈക്കോടതി വിധിയിലൂടെ തിരുത്തുകയാണ്. ഇതു യുഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും സതീശന്‍.

◾കേന്ദ്ര സര്‍ക്കാരിന്റെ 'സ്വദേശി ദര്‍ശന്‍' തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയില്‍ 80 കോടിയും സംസ്ഥാനം പാഴാക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 20 കോടിയുടെ പദ്ധതി മാത്രമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി അനുമതി വാങ്ങിയത്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾ഡിസംബര്‍ 16 നു പുറത്തിറങ്ങുന്ന 'അവതാര്‍ 2' കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതും മിനിമം മൂന്നാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് ഉപാധിവച്ചതുമാണ് കാരണം. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ ആറു ഭാഷകളില്‍ റിലീസ് ചെയ്യും. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.

◾ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം തുറക്കുമെന്നു മുന്നറിയിപ്പുണ്ട്.

◾കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് അമ്പതു ദിവസമായി സിപിഎം സംഘടന നടത്തുന്ന സമരത്തെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. പ്രശ്നം പരിഹരിക്കാന്‍ കൃഷി മന്ത്രി പി പ്രസാദ് സമരക്കാരെ ഉടനേ ചര്‍ച്ചയ്ക്കു വിളിച്ചേക്കും. രമ്യ ഹരിദാസ് എംപിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സര്‍വകലാശാല എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.വി ഡെന്നിയെ തരംതാഴ്ത്തിയതിനെതിരേയാണ് ഓഫീസ് ഉപരോധിച്ചു സമരം നടത്തുന്നത്.

◾പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണയത്തെ ചൊല്ലി തര്‍ക്കവും പ്രതിഷേധവും. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ അധ്യാപകരും രക്ഷാകര്‍ത്താക്കളും അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു. ഭരതനാട്യം ഫലത്തെ ചൊല്ലി പരാതി പറയാനെത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും സംഘാടകര്‍ കയ്യറ്റം ചെയ്തെന്നാണ് പരാതി. നേരത്തെ വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ വിധികര്‍ത്താക്കളെ യോഗ്യതയില്ലെന്ന് ആരോപിച്ച് രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് തടഞ്ഞുവച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍. ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവരുടെ പരാതി.

◾തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വിദ്യയേയും മകള്‍ ഗൗരിയേയും കാണാതായ സംഭവം കൊലപാതകമെന്ന് പോലീസ്. ഇരുവരേയും കടലില്‍ തള്ളിയിട്ടു കൊന്ന വിദ്യയുടെ കാമുകന്‍ മാഹിന്‍കണ്ണിനേയും ഭാര്യ റുഖിയയേയും കസ്റ്റഡിയിലെടുത്തു. റുഖിയക്കെതിരേ ഗൂഡാലോചനക്കുറ്റമാണുള്ളത്.

◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പതിമൂന്നാം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. 49 പ്രതികളില്‍ 41 പേരെ അറസ്റ്റ് ചെയ്തു.

◾ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ റവന്യു ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് പരിശോധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിക്കലിനെതിരെ രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. പട്ടയം കൈവശമുണ്ടെന്നും കൈയ്യേറിയ ഭൂമിയല്ലെന്നുമാണ് രാജേന്ദ്രന്റെ വാദം.

◾ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ മലപ്പുറത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി ബിജുവിനെ വയനാട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. ബിജു ഒളിവിലായിരുന്നു. ഇയാളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

◾എറണാകുളം കണ്‍ട്രോള്‍ റൂം സിഐ എ.വി സൈജുവിനെതിരെ വീണ്ടും ലൈംഗികപീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം മകളെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സിഐ സൈജുവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരേ വേറെ കേസെടുത്തിട്ടുമുണ്ട്. മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു.

◾തിരുനെല്ലി തെറ്റ്റോഡില്‍ ബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശികളായ ഷാജഹാന്‍ (36), അജിത്ത് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

◾കള്ളക്കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളെ കൊള്ളയടിക്കാനെത്തിയ സംഘമാണ് പിടിയിലായത്. കൊപ്പം മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി അബ്ദുള്‍ അസീസ്, മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, വെളിയങ്കോട് സ്വദേശി സാദിക്ക്, ചാവക്കാട് സ്വദേശി അല്‍താഫ്ബക്കര്‍ എന്നിവരാണ് പിടിയിലായത്.

◾വയനാട്ടില്‍ കൊള്ളപ്പലിശക്കാരായ മൂന്നുപേര്‍ പിടിയിലായി. മാനന്തവാടി മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷ് (47), പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി എം.ജെ. ജ്യോതിഷ് (35), തമിഴ്നാട് ഈറോഡ് ഒപ്പംപാളയം സ്വദേശിയും സുല്‍ത്താന്‍ബത്തേരി അമ്മായിപ്പാലത്ത് വാടകവീട്ടില്‍ താമസക്കാരനുമായ സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.

◾ആവശ്യപ്പെട്ട പണം നല്‍കാത്തതിനു ഫോര്‍ട്ടുകൊച്ചിയില്‍ പേരമകളുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് വൃദ്ധ മരിച്ചു. രാമേശ്വരം കോളനിയിലെ കര്‍മ്മിലി(78)യാണ് മരിച്ചത്. ബിജു എന്ന ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ നഗരസഭാംഗം കുന്നംകുളം ആര്‍ത്താറ്റ് പുളിക്കപറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലായിരുന്ന യുവതിക്കുനേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.

◾പത്തനംതിട്ട ഇലവുംതിട്ടയില്‍ ബാറിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു. നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്.

◾പത്തനംതിട്ട സീതത്തോട് കോട്ടമണ്‍ പാറയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. കെഎസ്ഇബി ടവര്‍ നിര്‍മ്മാണത്തിനു പോയപ്പോഴായിരുന്നു ആക്രമണം.

◾തൃശൂര്‍ മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം. കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

◾തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ സമരം നയിക്കാന്‍ എത്തിയ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ.എസ് ശര്‍മിളയുടെ വാഹനം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റി. ശര്‍മിളയും നേതാക്കളും പുറത്തിറങ്ങാതെ കാറിലിരിക്കെയാണ് പൊലീസ് നടപടി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നയിക്കാനാണ് ശര്‍മിള എത്തിയത്.

◾ഡല്‍ഹിയിലെ എയിംസ് സര്‍വര്‍ ഹാക്കിംഗില്‍ നഷ്ടപ്പെട്ട കമ്പ്യൂട്ടര്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായി. അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ടുകള്‍, ബില്ലിംഗ് നടപടികള്‍ തുടങ്ങിയവയെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ കുറച്ച് ദിവസം കൂടി തുടരും. സൈബര്‍ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചുവെന്നും എയിംസ് വ്യക്തമാക്കി. ഹാക്കിംഗില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

◾രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് എഐസിസി വിലക്കി. മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുമായി കെ.സി വേണുഗോപാല്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി എഐസിസി നിലപാട് വ്യക്തമാക്കി. ഡിസംബര്‍ നാലു മുതല്‍ 21 വരെ രാജസ്ഥാനില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാന്‍ ഇരുപക്ഷവും മുന്നിലുണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ താനും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്തെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

◾ഗുജറാത്ത് നിയമസഭാ തരഞ്ഞെടുപ്പില്‍ ആദ്യഘട്ടം വോട്ടെടുപ്പ് നാളെ. 182 നിയമസഭാ സീറ്റുകളില്‍ 120 സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അടിയൊഴുക്കുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

◾ആമസോണ്‍ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അടച്ചുപൂട്ടുന്നു. ഫുഡ് ഡെലിവറി ബിസിനസും ആമസോണ്‍ അക്കാദമിയും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മൊത്ത വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയത്. ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ്.

◾ഹിന്ദു ഏകത മഞ്ചിന്റെ ബേട്ടി ബച്ചാവോ മഹാപഞ്ചായത്ത് വേദിയിലേക്ക് കയറിയ വനിത സംഘാടകനെ ചെരിപ്പുകൊണ്ട് അടിച്ചു. തന്റെ പരാതി മൈക്കിലൂടെ പറയാന്‍ ശ്രമിക്കവേ പിടിച്ച് മാറ്റാനെത്തിയ ആളെയാണ് വനിത അടിച്ചത്. ഡല്‍ഹിയിലെ ഛത്തര്‍പൂരിലാണ് സംഭവം. സംഘാടകര്‍ പിന്നീട് വനിതയെ നീക്കം ചെയ്തു.

◾ഹൈദരാബാദില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഞ്ച് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. സഹപാഠികളില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി.

◾ബെംഗളുരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരു യുവതിയെ കൂടി പൊലീസ് പിടികൂടി. നേരത്തെ അറസ്റ്റിലായിരുന്ന രണ്ടു പ്രതികളില്‍ ഒരാളുടെ സുഹൃത്തായ യുവതിയാണ് പിടിയിലായത്. ഈ യുവതിയുടെ വീട്ടിലാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

◾പാകിസ്ഥാനില്‍ ആക്രമണം പ്രഖ്യാപിച്ച് പാക് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം നിലവില്‍ വന്നതിനു പിറകേ കഴിഞ്ഞ ജൂണില്‍ പാക് താലിബാനും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചെന്നാണു പാക് താലിബാന്റെ പ്രഖ്യാപനം.

◾ഖത്തര്‍ ലോകകപ്പിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അഞ്ഞൂറോളം തൊഴിലാളികള്‍ മരിച്ചെന്നു സ്ഥിരീകരിച്ച് ഖത്തര്‍. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ.

◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും യു.എസ്.എയും പ്രീക്വാര്‍ട്ടറിലെത്തി. വെയില്‍സിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോള്‍ ഇറാനെ തോല്‍പിച്ച യു.എസ്.എ അഞ്ച് പോയിന്റോടെ രണ്ടാമതെത്തി.

◾എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു വെയില്‍സിനെതിരെ ഇംഗ്ലണ്ടിന്റെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് വെയില്‍സിനെതിരെ ഇംഗ്ലണ്ടിന്റെ മൂന്ന് ഗോളുകളും പിറന്നത്. 50ാം മിനിറ്റില്‍ റാഷ്ഫോഡ് എടുത്ത ഫ്രീകിക്ക് മനോഹരമായ ഗോളായി പിറന്നതിനു പിറകെ 51-ാം മിനിറ്റില്‍ ഫിന്‍ ഫോഡന്റ് വക രണ്ടാമത്തെ ഗോളും വെയല്‍സിന്റെ വലയില്‍ കയറി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും 68-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ലഭിച്ച അവസരം മാത്രമാണ് ഇംഗ്ലണ്ടിന് മുതലാക്കാനായത്. ഇതോടെ ഇരട്ട ഗോളുകള്‍ നേടി റാഷ്ഫോര്‍ഡ് കളിയിലെ താരമായി.

◾എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ തോല്‍പിച്ചാണ് അമേരിക്ക പ്രീക്വാര്‍ട്ടറിലെത്തിയത്. മത്സരത്തിലുടനീളം പ്രതിരോധമുയര്‍ത്തിയ ഇറാനെ ആദ്യപകുതിയുടെ 37-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളിനാണ് അമേരിക്ക തോല്‍പിച്ചത്. ഗ്രൂപ്പില്‍ രണ്ടാമതായെത്തിയ അമേരിക്ക 5 പോയിന്റുമായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് നെതര്‍ലണ്ട്സും സെനഗലും പ്രീക്വാര്‍ട്ടറിലെത്തി. ആതിഥേരായ ഖത്തറിനെ തോല്‍പിച്ച നെതര്‍ലണ്ട്സ് ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ഇക്വഡോറിനെ തോല്‍പിച്ച സെനഗല്‍ ആറ് പോയിന്റോടെ രണ്ടാമതെത്തി.

◾തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതര്‍ലണ്ട്സ് ആതിഥേയരായ ഖത്തറിനെ തോല്‍പിച്ചത്. ആദ്യപകുതിയില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ നെതര്‍ലണ്ട്സ് 26-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെയാണ് മുന്നിലെത്തിയത്. ഇതോടെ ഗാക്പോ ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ ഫ്രെങ്കി ഡിയോംഗിലൂടെ രണ്ടാമത്തെ ഗോള്‍ നേടിയ നെതര്‍ലണ്ട്സ് ഗ്രൂപ്പ് ചാപ്ര്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

◾ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗലിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങി ഇക്വഡോര്‍. സെനഗല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയവുമായാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഒന്നാം പകുതിയില്‍ ആദ്യം ഗോളടിച്ചത് സെനഗലാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിച്ച് ഇക്വഡോര്‍ സമനില പിടിച്ചു. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് സമനില മതിയായിരുന്ന ഇക്വഡോറിന്റെ ആഹ്ലാദപ്രകടനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇക്വഡോറിന്റെ വലകുലുക്കി സെനഗല്‍ കളി തിരിച്ചു പിടിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എ ഗ്രൂപ്പില്‍ രണ്ടാമതെത്തിയ സെനഗലിന് ആറ് പോയിന്റാണുള്ളത്.

◾പ്രീക്വാര്‍ട്ടറില്‍ എ ഗ്രൂപ്പിലെ ജേതാക്കളായ നെതര്‍ലണ്ട്സ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അമേരിക്കയുമായി ഏറ്റുമുട്ടും. ബി ഗ്രൂപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ആഫ്രിക്കന്‍ ചാമ്പ്യന്മാരുമായ സെനഗലാണ്.

◾അര്‍ജന്റീനക്കും കോടി കണക്കിന് അര്‍ജന്റീന ആരാധകര്‍ക്കും ഇന്ന് ജീവന്മരണ പോരാട്ടം. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സി, ഡി ടീമുകളുടെ മൂന്നാം ഘട്ട മത്സരങ്ങള്‍ ഇന്ന്. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുള്ള അര്‍ജന്റീന നാല് പോയിന്റുള്ള പോളണ്ടുമായും മൂന്ന് പോയിന്റുള്ള സൗദി അറേബ്യ ഒരു പോയിന്റ് മാത്രമുള്ള മെക്സിക്കോയുമായും ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ 6 പോയിന്റോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ഒരു പോയിന്റ് മാത്രമുള്ള ടുണീഷ്യയുമായും 3 പോയിന്റുള്ള ആസ്ട്രേലിയ ഒരു പോയിന്റ് മാത്രമുള്ള ഡെന്‍മാര്‍ക്കുമായും രാത്രി 8.30 ന് ഏറ്റുമുട്ടും.

◾വിസ്താര എയര്‍ലൈന്‍സ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ലയിക്കും. 2024 മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി. എയര്‍ ഇന്ത്യ-വിസ്താര-എയര്‍ ഇന്ത്യ എക്സ്പ്രസ്-എയര്‍ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ടാറ്റ സണ്‍സിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികള്‍ വിസ്താരയില്‍ പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാവും. ഇടപാടിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 2000 കോടി എയര്‍ ഇന്ത്യയില്‍ ഉടന്‍ നിക്ഷേപിക്കും. നിലവില്‍ വിസ്താരയിലെ 51 ശതമാനം ഓഹരികള്‍ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. 2013ലാണ് ഇരു കമ്പനികളും ചേര്‍ന്ന് വിമാനകമ്പനി തുടങ്ങിയത്. വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കമ്പനിയായി എയര്‍ ഇന്ത്യ മാറും. ഒരു വര്‍ഷം മുമ്പാണ് 18,000 കോടി നല്‍കി ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്.

◾മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്‌സ്. ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. 'പറന്നേ പോകുന്നെ' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൈറലാകുകയാണ്. രഞ്ജിത് ശങ്കര്‍ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഡാര്‍ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ഈ ചിത്രത്തിലെ നായകനായി എത്തിയിരിക്കുന്നത് ജൂണ്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സര്‍ജാനോ ഖാലിദാണ്. സന്ധൂപ് നാരായണന്‍ വരികള്‍ രചിച്ച ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ശങ്കര്‍ ശര്‍മയും ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നുമാണ്.

◾ലോകസിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്. ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം. ഡിസംബര്‍ 16-ന് ആണ് 'അവതാര്‍- ദി വേ ഓഫ് വാട്ടര്‍' റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളര്‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാര്‍; ദ വേ ഓഫ് വാട്ടര്‍ പ്രദര്‍ശനത്തിനെത്തുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബര്‍ 20 ന് റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. നാലം ഭാഗം 2026 ഡിസംബര്‍ 18 നും.

◾ടാറ്റയുടെ ജനപ്രിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവി നെക്‌സോണിന് വില വര്‍ദ്ധിപ്പിച്ചു. 2022ലെ മോഡലിന്റെ മൂന്നാമത്തെ വില വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് വിലകള്‍ 6000 രൂപ, 9000 രൂപ, 10000 രൂപ, 18000 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധനവ്. നേരത്തെ ഈ വര്‍ഷം ജനുവരിയിലും ജൂലൈയിലും ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ടാറ്റ നെക്‌സോണിന് നേരത്തെ 7.60 ലക്ഷം മുതല്‍ 14.08 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വിലയുണ്ടായിരുന്നെങ്കില്‍ പുതിയ തീരുമാനത്തോടെ 7.70 ലക്ഷം മുതല്‍ 14.18 ലക്ഷം രൂപ വരെയായി വില ഉയരും. മോഡലിന്റെ വില്‍പ്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, കിയ സെല്‍റ്റോസ്, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിവയെ പിന്തള്ളി ഒക്ടോബറില്‍ 13,767 യൂണിറ്റുകളോടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ എസ്യുവിയായി ടാറ്റ നെക്‌സോണ്‍ മാറിയിരുന്നു.

◾പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാന്‍. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികള്‍ പകരുന്ന തേന്‍തുള്ളികള്‍. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികള്‍ക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്. 'കുഞ്ഞോമനയും മറ്റു ബാലകഥകളും'. ഡിസി ബുക്സ്. വില 189 രൂപ.

◾മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധിയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു. ദഹനത്തിനും മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് ഗുണം ചെയ്യും. നിയാസിന്‍, റൈബോഫ്ളേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവ മുരിങ്ങക്കായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം. മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങക്കായയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിത്യേന മുരിങ്ങക്കായ കഴിക്കുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയാകും ഉണ്ടാകുക. വിറ്റാമിന്‍ സിയുടെ കലവറയാണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാല് സുഹൃത്തുക്കളില്‍ മൂന്ന് പേര്‍ വിഖ്യാതരായ പണ്ഡിതരാണ്. നാലാമന്‍ ഒരു സാധാരണക്കാരനും. ഒരു ദിവസം ദൂരെ ഒരു രാജ്യത്തെ രാജാവ് പാണ്ഡിത്യം തെളിയിക്കുന്നവര്‍ക്ക് അതിവിശിഷ്ടങ്ങളായ പാരിതോഷികങ്ങള്‍ നല്‍കുന്നു എന്ന വാര്‍ത്ത വന്നു. ഇത് കേട്ട് ഇവര്‍ മൂന്നുപേരും തങ്ങളുടെ സുഹൃത്തിനേയും കൂട്ടി യാത്ര ആരംഭിച്ചു. യാത്രയ്ക്കിടയില്‍ ഒരു കാട്ടിലൂടെ പോകമ്പോള്‍ ഏതോ ഒരു ജീവിയുടെ എല്ലിന്‍കഷ്ണങ്ങള്‍ കിടക്കുന്നത് കണ്ടു . സൂക്ഷമ നിരീക്ഷണം നടത്തിയ ഒന്നാമന്‍ ആ ജീവിയുടെ നട്ടെല്ലിന്റെ ഘടനയെപറ്റി പറഞ്ഞു. രണ്ടാമന്‍ അത് സിംഹത്തിന്റെതാണെന്ന് കണ്ടുപിടിച്ചു. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു മന്ത്രം ചൊല്ലിയാല്‍ സിംഹം വീണ്ടും ജീവിക്കും. അയാള്‍ മന്ത്രോച്ചാരണം തുടങ്ങി. നാലാമന്‍ എതിര്‍ത്തുനോക്കി. പക്ഷേ, അയാള്‍ നിര്‍ത്തിയില്ല. മറ്റ് രണ്ടുപേരും എന്തുസംഭവിക്കുമെന്ന് അറിയാന്‍ നോക്കി നിന്നപ്പോള്‍ നാലാമന്‍ ഓടി ഒരു മരത്തിന്‍ മേലെ കയറി. മന്ത്രം പൂര്‍ത്തിയായപ്പോള്‍ സിംഹത്തിന് ജീവന്‍ വെച്ചു. സന്തോഷത്തില്‍ മതിമറന്നുനിന്ന മൂന്നുപേരേയും സിംഹം കൊന്നുതിന്നു. അറിവ് അപകടകരമാണ്. വേണ്ടിടത്ത് ഉപയോഗിക്കാനും വേണ്ടാത്തിടത്ത് ഉപയോഗിക്കാതിരിക്കാനും അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അറിവുവേണം. അനാവശ്യ ഇടപെടല്‍ നടത്താതിരിക്കാന്‍ വിവരം വേണം. നിശബ്ദനാകാനും ബോധം വേണം. ഒരാള്‍ എന്തൊക്കെ ചെയ്യുന്നു എന്നതില്‍ മാത്രമല്ല, അയാള്‍ എന്തെല്ലാം ചെയ്യാതിരിക്കുന്നു എന്നതിലും അറിവിന്റെ കണികകളുണ്ട്. പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവില്‍ പ്രായോഗികക്ഷമതയുടെ കണികകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണല്ലോ, പരീക്ഷകളിലെ വൈഷമ്യം നിറഞ്ഞ ചോദ്യങ്ങളെ സധൈര്യം നേരിട്ട പലരും ജീവിതത്തിലെ നിസ്സാര ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്നത്! എന്തൊക്കെ കാര്യങ്ങളില്‍ ഗ്രാഹ്യമുണ്ട് എന്നതിലല്ല, അതിലെല്ലാം പ്രായോഗികത എന്തുമാത്രമുണ്ട് എന്നതിലാണ് അറിവിന്റെ പ്രസക്തി - ശുഭദിനം.
മീഡിയ 16 NEWS