കല്ല്യാണത്തല്ലില്‍ വന്‍ ട്വിസ്റ്റ്; ക്ഷണിക്കപ്പെടാത്തയാള്‍ 200 രൂപ കൊടുത്ത് മടങ്ങി, പിന്നാലെ അടിയോടടി

തിരുവനന്തപുരം: കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്‍റെ പിതാവിനെ ഓഡിറ്റോറിയത്തിൽ കയറി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രദേശവാസിയായ ആൾ ബൈക്ക് തട്ടി വീണത്തിനു പിന്നാലെ നടന്ന സംഭവങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം. കോട്ടുകാൽ മന്നോട്ടുകോണം സ്വദേശിനിയായ യുവതിയുടെ വിവാഹ തലേന്ന് നടന്ന റിസപ്ഷനിൽ ആണ് ആക്രമണം നടന്നത്.

വധുവിന്‍റെ സഹോദരനും ചില സുഹൃത്തുക്കളുമായി കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങൾ നടന്നുവരികയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് ഇന്നലെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും വധുവിന്‍റെ സഹോദരന്‍റെ സുഹൃത്തായ അഭിജിത്ത് ഓഡിറ്റോറിയത്തിൽ എത്തി വിവാഹം ക്ഷണിക്കാത്തത് എന്താണ് എന്ന് ചോദിച്ച് വധുവിന്‍റെ പിതാവിന്‍റെ കയിൽ 200 രൂപ നൽകി മടങ്ങിയത്.

ഇതിന് പിന്നാലെ ചിലർ ക്ഷണിക്കാത്ത വിവാഹത്തിന് എന്തിന് അഭിജിത്ത് എത്തി എന്ന് ചോദിക്കാൻ ബൈക്കുകളിൽ പിന്നാലെ പോകാൻ ഇറങ്ങുമ്പോൾ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് നടന്നു വരികയായിരുന്ന പ്രദേശവാസിയായ വൃദ്ധന്‍റെ ദേഹത്ത് ബൈക്ക് തട്ടി ഇയാൾ മറിഞ്ഞ് വീണു. വീഴ്ചയിൽ പരിക്ക് പറ്റി മൂക്കിൽ നിന്ന് ചോര ഒലിപ്പിച്ച് നിന്ന ഇദ്ദേഹത്തെ കണ്ട ഫുട്ബോൾ കളി കഴിഞ്ഞു വന്ന പ്രദേശത്തെ യുവാക്കളുടെ സംഘം ഇത് ചോദ്യം ചെയ്യാൻ ഓഡിറ്റോറിയത്തിൽ എത്തിയതോടെയാണ് സംഘർഷം നടന്നത് എന്നാണ് വിവരം.