രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് ശിശുദിനം
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികൾ. ഏതൊരു രാജ്യത്തിന്റെയും ഉന്നമനത്തിന് കുട്ടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ കുട്ടികൾക്കായി ആഘോഷിക്കപ്പെടുന്ന ദിനമാണ് നവംബർ 14. ഇന്ത്യ എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. കുട്ടികളുടെ ദേശീയ ഉത്സവമെന്ന് കരുതുന്ന ശിശുദിനം രാജ്യത്തുടനീളം ഗംഭീരമായാണ് ആഘോഷിക്കുന്നത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ് ശിശുദിനം ആഘോഷിക്കുന്നത്. ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവം ‘ചാച്ചാ നെഹ്റു’ എന്നാണ് വിളിച്ചിരുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കാരണം നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു.
1964 ലാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷമാണ് നവംബർ 14 രാജ്യത്ത് ശിശുദിനമായി ആചരിക്കാനുള്ള തീരുമാനങ്ങൾ എടുത്തത്. ഇത് സംബന്ധിച്ച പ്രമേയം പാർലമെന്റിൽ പാസാക്കുകയും 1965 ൽ രാജ്യത്ത് ആദ്യമായി നവംബർ 14 ന് ശിശുദിനം ആഘോഷിക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശപ്രകാരം, ലോക ശിശുദിനം നവംബർ 20 നാണ് ആഘോഷിച്ചിരുന്നത്. 1964 ന് മുൻപ് ഇന്ത്യയിലും നവംബർ 20 ശിശുദിനമായി ആഘോഷിച്ചിരുന്നു. 1956 ലാണ് രാജ്യത്ത് ആദ്യമായി നവംബർ 20 ശിശുദിനമായി ആഘോഷിച്ചത്.
നവംബർ 20 ലോക ശിശുദിനമായി ആചരിക്കുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങൾ ജൂൺ ഒന്നിന് ശിശുദിനം ആഘോഷിക്കുന്നുണ്ട്. ഏകദേശം 50 ലധികം രാജ്യങ്ങളിലാണ് ജൂൺ 1 ശിശുദിനമായി ആഘോഷിക്കുന്നത്.
കുട്ടികൾക്ക് പ്രാധാന്യം നൽകി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിശ്ചിത തീയതികളിൽ ശിശുദിനം ആഘോഷിക്കാറുണ്ടെങ്കിലും, ലോകത്ത് ശിശുദിനം ആഘോഷിക്കാത്ത രാജ്യവുമുണ്ട്. അത്തരത്തിൽ ശിശുദിനം ആഘോഷിക്കാത്ത ഏക രാജ്യം ബ്രിട്ടനാണ്.
ഇന്ന് ശിശുദിനം, Children's Day 🌹
ഓരോ കുഞ്ഞും ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്നത് നിഷ്കളങ്കൻ ആയിട്ടാണ്. അവരിൽ കളങ്കം കുത്തിവെക്കുന്നത് മുതിർന്നവരായ നാം ഓരോരുത്തരുമാണ്. കുഞ്ഞുങ്ങൾ ഇല്ലാത്തതിനെ ഓർത്ത് കുറെ പേർ കരയുമ്പോൾ ഉള്ള കുഞ്ഞുങ്ങളെ ഓർത്തു കരയുന്നവർ ആണ് ഇന്ന് അധികവും..
എന്തെങ്കിലും കുറവുകളും പരിമിതികളും സ്വഭാവ വൈകല്യങ്ങളും ഒക്കെ ഒട്ടു മിക്ക കുഞ്ഞുങ്ങളിലും ഉണ്ടാകും. മാതാപിതാക്കളായ നാം അത് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ ആര് ചെയ്യും. മക്കളിൽ നിന്നും മുറിവുകൾ ലഭിക്കുമ്പോൾ ഒരു കാര്യം മാത്രം ഓർക്കുക. അവർ ഇല്ലാത്ത അവസ്ഥയെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. അപ്പോൾ നമ്മുക്ക് എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും സാധിക്കും. അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരെ സ്വീകരിക്കാനും സ്നേഹിക്കാനും കഴിയും.അവരെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രയാസം ഉണ്ടാകില്ല.
നമ്മുക്ക് ലഭിക്കാതെ പോയ സ്നേഹവും, കരുതലും, അവസരങ്ങളും, സൗകര്യങ്ങളും നമ്മുക്ക് പറ്റുന്നത് പോലെ നമ്മുടെ മക്കൾക്ക് നൽകാം. നമ്മുക്ക് ലഭിച്ച മുറിവുകൾ, അവഗണനകൾ, വേദനകൾ ഒന്നും അവർക്ക് ഒരിക്കലും നൽകാതിരിക്കാം. നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ തന്നെ രക്തമാണ്. അതുകൊണ്ട് തന്നെ അവരിലൂടെ നാം തന്നെയാണ് ജീവിക്കുന്നത്. അവർ എത്ര വലിയവർ ആയാലും നമ്മുടെ കുഞ്ഞുങ്ങൾ തന്നെ അല്ലെ.
അതിനാൽ നമുക്കും കുഞ്ഞുങ്ങളെ പോലെ ആകാൻ പരിശ്രമിക്കാം
അപ്പോൾ നമുക്ക് ജീവിതത്തെയും ജീവിത പ്രശ്നങ്ങളേയും കുറച്ചുകൂടി ലഘുവായി കാണാൻ കഴിയും. മനസ്സിന്റെ ഭാരങ്ങൾ കുറച്ചു കുറയും. എല്ലാ പിണക്കങ്ങളും വാശിയും ദേഷ്യവും ഒക്കെ ഇത്തിരി നേരത്തേയ്ക്ക് മാത്രം സൂക്ഷിക്കാം. വീണ്ടും സ്നേഹത്തിൽ ഒരുമിക്കാം. കുട്ടിത്തമുള്ള ഒരു മനസ്സ് എന്നും കാത്തു സൂക്ഷിക്കാം.
ഇങ്ങനെ ഒരു ദിവസം തങ്ങൾക്കായി ഉണ്ടെന്നു പോലും അറിയാതെ ലോകത്തിന്റെ പല കോണുകളിലും ഇരുട്ടിൽ അനാഥരായി കഴിയുന്ന കുഞ്ഞുങ്ങളെയും, ബാലവേല ചെയ്തു കുടുംബം പോറ്റുന്ന മക്കളെയും, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മക്കളെയും, കൊടും ദാരിദ്ര്യത്തിൽ വിശന്നുറങ്ങുന്ന കുഞ്ഞുങ്ങളെയും സ്മരിച്ചു കൊണ്ട് എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു "Happy Children's Day ".
ഈ ലോകത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും വളരെ ശുഭമായ ഒരു ഭാവി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുക്കും കുഞ്ഞുങ്ങളെ പോലെ ആകാം, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെ പോലെ ഉള്ളവർക്കുള്ളതാണ്.