*നവംബർ 14 എൻ.എൻ.പിള്ള(1918-1995)ചരമദിനം*

മുപ്പത്താറു വര്‍ഷത്തെ നിസ്തന്ദ്രമായ നാടകസപര്യയ്ക്കു ശേഷം 1988-ല്‍ സമിതി ഒന്നടങ്കം പിരിച്ചുവിട്ട് വീട്ടിലെ വിശ്രമമുറിയിലെ ഏകാന്തതയില്‍ മറഞ്ഞ എന്റെ തലയില്‍ 74-ാമത്തെ വയസ്സില്‍ അതാ വന്നുവീഴുന്ന വെള്ളിടിമാതിരി ഗോഡ്ഫാദര്‍ എന്ന സിനിമ. പിന്നെ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ആ വേതാളത്തേയും ചുമന്നുകൊണ്ടൊരോട്ടമായിരുന്നു. അതാ വരുന്നു പിന്നേയും എന്നെ ഓടിക്കാന്‍തന്നെ, നാടോടി, ഇവിടം കൊണ്ട് തീര്‍ന്നോ ? അറിയില്ല.

ഞാന്‍ പണ്ട് എന്റെ എഴുപതാം പിറന്നാളിന്റെയന്ന് എഴുതിയ നാലു വരികള്‍ ഓര്‍ക്കുകയാണ്.

ഇത്രനാള്‍ നടന്നിട്ടും ഇത്തിരകടക്കാത്തൊ-
രൊത്തിരി മേടാണല്ലോ ജീവിതമഹാരണ്യം
എത്തിനില്‍പു ഞാനതിന്‍ വക്കത്തീക്കാല്‍വയ്‌പൊടു-
ക്കത്തെയല്ലിനിയെത്ര കാണുമെന്നറിയില്ല.

ഒന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. എന്നെക്കുരുപ്പിടിപ്പിച്ചത് പ്രകൃതിയുടെ മൂശയിലാണ്. എന്നാല്‍ എന്നെ സൃഷ്ടിച്ചത് ഞാന്‍തന്നെയാണ്. I am moulded by nature, I am created by myslef.
◼️ഞാന്‍ – എന്‍. എന്‍. പിള്ള◼️

നാടകകൃത്ത്, നടന്‍, സംവിധായകന്‍, സൈനികന്‍ എന്നീ പര്യായങ്ങള്‍ പേറിയ സഞ്ചാരത്തിനപ്പുറം, അനുഭവങ്ങളുടെ കരുത്തില്‍ അസാമാന്യമായ ജീവിതവീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുകയും, അത് അരങ്ങിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്ത കലാകാരനാണ് എൻ.എൻ.പിള്ള.
നാടകത്തേക്കാള്‍ നാടകീയമായ ജീവിതം. 

വില്ലേജ് ഓഫീസറായിരുന്ന ഉള്ളിലക്കീറുപറമ്പിൽ നാരായണപിള്ളയുടെയും തെക്കേതിൽ പാറുക്കുട്ടിയമ്മയുടെയും മകനായി 1918ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. അച്ഛന്റെ സ്ഥലംമാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായായിരുന്നു സ്കൂൾ പഠനം.

കോട്ടയം സി എം എസ് കോളേജിൽ പഠിക്കവെ ഇന്റർമീഡിയേറ്റിനു തോറ്റ് നാടുവിട്ട് മലേഷ്യയ്ക്ക് പോയി. പലയിടങ്ങളിലായി റബ്ബർ എസ്റ്റേറ്റുകളിൽ ജോലിയെടുത്തു.  രണ്ടാം ലോക മഹായുദ്ധകാലത്ത്   ഐഎൻഎയിൽ ചേർന്നു.  എട്ടുവർഷത്തിനു ശേഷം നാട്ടിൽ തിരി‍ച്ചെത്തിയ പിള്ള തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന ചിന്നമ്മയെ വിവാഹം കഴിച്ചു. അഞ്ചാംനാൾ വിവാഹമോതിരം വിറ്റു.റേഷനരി വാങ്ങാൻ. കുറച്ചുകാലം കിളിരൂർ സംസ്കൃത വിദ്യാലയത്തിൽ അദ്ധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായി. 1952–ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം  രൂപീകരിച്ചു.
സ്വയം നാടകങ്ങളെഴുതി അവതരിപ്പിച്ചു.
കടം കേറി നാടകസംഘം ' അടുത്ത രംഗത്തോടെ അവസാനിക്കും ’ എന്നു തോന്നിയ കാലത്ത് കുടുംബത്തെ പിള്ള അരങ്ങിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും പെൺമക്കൾ സുലോചനയും രേണുകയും മകൻ വിജയരാഘവനും വേഷമിട്ടു. 

28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും ഞാൻ എന്ന ആത്മകഥയും എഴുതി.
ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത് എന്ന് നിരൂപകർ. അവിസ്മരണീയരായ കഥാപാത്രങ്ങളും പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളും മധുരമനോഹരങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളും യുദ്ധത്തിന്റെയും കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ഭീകരനിമിഷങ്ങളും ഒന്നിച്ചുചേരുന്ന ഞാൻ മലയാളത്തിലെ എക്കാലത്തെയും മികച്ച ആത്മകഥകളിലൊന്നായി വാഴ്ത്തപ്പെടുന്നു.

നാടകലോകത്തിലെ സംഭാവനകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേരള സാഹിത്യ അക്കാഡമിയുടെയും സംഗീത നാടക അക്കാഡമിയുടെയും അവാർഡുകൾ നേടിയിട്ടുണ്ട്

1995 നവംബർ 14ന് ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അന്തരിച്ചു.

കൃതികൾ
🔴
നാടകങ്ങൾ
ആത്മബലി
പ്രേതലോകം
വൈൻ ഗ്ലാസ്സ്
ഈശ്വരൻ അറസ്റ്റിൽ
ക്രോസ് ബെൽറ്റ്
കണക്കു ചെമ്പകരാമൻ
ജന്മാന്തരം
മെഹർബാനി
വിഷമവൃത്തം
ഞാൻ സ്വർഗ്ഗത്തിൽ
കാപാലിക
ആദ്യ രാത്രി
ഗൊറില്ല
ഫോളിഡോൾ
ഡൈനാമൈറ്റ്
മന്വന്തരം
സുപ്രീം കോർട്ട്
ദ പ്രസിഡന്റ്
ഡാം
ടു ബി ഓർ നോട് ടു ബീ
എൻ. ഓ. സി
ദ ജഡ്ജ്മെന്റ്
മലയും മനുഷ്യനും
ബൂമെറാംഗ്
ക്ലൈമാക്സ്
പോട്ടർ കുഞ്ഞാലി
മനുഷ്യന്റെ മാനിഫെസ്റ്റോ
ദ ഡബിൾ

റേഡിയോ നാടകങ്ങൾ
ഓവർ ബ്രിഡ്ജ്

ഏകാങ്കനാടകങ്ങൾ
ശ്രീദേവി
അതിനുമപ്പുറം
കുടുംബയോഗം
താങ്ക് യൂ
ഗുഡ് നൈറ്റ്
മശകോപനിഷത്ത്
ശുദ്ദമദ്ദളം
മഹത്തായ സന്ദർഭം
മുടിഞ്ഞ കൂലി
ജഡ്ജ്മെന്റ്
മൗലികാവകാശം
ലോട്ടറി
അണ്ടർവെയർ
ഫാസ്റ്റ് പാസ്സഞ്ചർ
ബേബിക്കു കരളില്ല
ആ മരം
അന്താരാഷ്ട്ര സസ്യ സമ്മേളനം
അരപ്പവൻ
ഫ്ലാഷ് ബാക്ക്
ഗ്രൂപ്പ് ഫോട്ടോ
വാറ്റ് 69

പഠനങ്ങൾ
നാടകദർപ്പണം
കർട്ടൻ
നാടകം വേണോ നാടകം

ആത്മകഥ
ഞാൻ