തൊടുപുഴ : ബാർ ഹോട്ടലിലെ അടിപിടിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത അതിഥിത്തൊഴിലാളിയെ സ്റ്റേഷനിൽനിന്നു വിടാൻ പൊലീസ് ഉദ്യോഗസ്ഥൻ 1,300 രൂപ കൈക്കൂലി വാങ്ങിയെന്നു പരാതി. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥൻ പണം തിരികെ നൽകി. ഗാന്ധിസ്ക്വയറിലുള്ള ബാർ ഹോട്ടലിൽ കഴിഞ്ഞയാഴ്ച രാത്രി പതിനൊന്നോടെ മദ്യപർ തമ്മിൽ അടിപിടി നടന്നിരുന്നു.പ്രതികളെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം, ബാറിലുണ്ടായിരുന്ന ഒരു അതിഥിത്തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തു.അക്രമത്തിൽ പരുക്കേറ്റവർ ഇയാൾ അക്രമിസംഘത്തിലില്ല എന്ന് മൊഴി നൽകിയെങ്കിലും കസ്റ്റഡിയിൽ നിന്നു വിടാൻ പൊലീസ് തയാറായില്ല. ഇയാൾ ജോലി ചെയ്യുന്ന ബാർബർ ഷോപ്പ് ഉടമ ഇടപെട്ടതിനെ തുടർന്ന് അടുത്ത ദിവസമാണു പൊലീസ് വിട്ടയച്ചത്. വിടുന്നതിനു മുൻപാണ് ഒരു ഉദ്യോഗസ്ഥൻ പണം വാങ്ങിയത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥൻ പണം തിരികെ നൽകി. സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.