വഴിയാത്രക്കാരെ ആക്രമിച്ച് മോഷണം; കൊല്ലത്ത് നാല് പേർ പിടിയിൽ

വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരെ കൊല്ലത്ത് പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും മൂന്നു പേര്‍ ഇരുപതു വയസില്‍ താഴെയുളളവരുമാണ്. ഏറെ നാളായി സാമൂഹ്യവിരുദ്ധ ശല്യം നടത്തുന്ന പ്രതികള്‍ക്കെതിരെ വ്യാപകപരാതിയാണുളളത്.കൊല്ലം നഗരത്തിലെ വിവിധയിടങ്ങളിലായി തമ്പടിച്ചായിരുന്നു യുവാക്കളുടെ സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍. കടപ്പാക്കട ജനയുഗം നഗര്‍ വയലില്‍ പുത്തന്‍‌വീട്ടില്‍ ഇരുപതുകാരനായ ഹരീഷ്, ആശ്രാമം ലക്ഷ്മണ നഗര്‍ തെക്കേടത്ത് വീട്ടില്‍ പത്തൊന്‍പതുകാരനായ പ്രസീദ്, ലക്ഷ്മണ നഗര്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ പതിനെട്ടുകാരനായ ജിഷ്ണു എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്. കരുനാഗപ്പളളിയില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന കടപ്പാക്കട സ്വദേശിയെ ആശ്രാമത്തു വച്ച് സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍ ബീയര്‍ കുപ്പികൊണ്ട് ആക്രമിച്ച് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. മര്‍ദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഒരാളെ പിടികൂടിയിരുന്നു. പിന്നീടാണ് മറ്റുളളവരും പൊലീസിന്റെ വലയിലായത്. ഒറ്റയ്ക്ക് നടന്നുപോകുന്നവരുടെ കൈവശമുളള പണവും കഴുത്തില്‍ കിടക്കുന്ന മാലയും ഉള്‍പ്പെടെ കവരുന്ന രീതി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ ആക്രമിച്ച് പണം കവര്‍ന്ന കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ലഹരിഉപയോഗത്തിന് പുറമേ ക്രിമിനല്‍ പശ്ചാത്തലമുളള പ്രതികള്‍ക്കെതിരെ പരാതിപ്പെടാന്‍പോലും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ മറ്റൊരു പരാതി പൊലീസിന് നേരത്തെ ലഭിച്ചിരുന്നതാണ്.