പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്, അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നുവെന്ന് ചാറ്റിൽ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ, പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്.പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്‌ആപ്പ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.

‘എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും’ ചാറ്റില്‍ പറയുന്നു. 

ഒറ്റക്കല്ല ഷാരോണ്‍ വീട്ടില്‍ വന്നത്. കൂടെ സുഹൃത്തായ റെജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കഷായത്തിനല്ല, ജ്യൂസിനാണ് കുഴപ്പം. കഷായത്തിനു പ്രശ്നമുണ്ടെങ്കില്‍ അത് കഴിക്കുന്ന താന്‍ എന്നേ മരിച്ചുപോകുമായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

ജനലില്‍ ഇരുന്ന ഗ്ലാസില്‍ അമ്മ കാണാതെ കഷായം ഒഴിച്ചു വയ്ക്കുകയായിരുന്നു. കുടിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ ഷാരോണ്‍ ഛര്‍ദിച്ചു. കഷായത്തിന്റെ ടേസ്റ്റ് കാരണമെന്നാണ് അപ്പോള്‍ കരുതിയത്. വീണ്ടും ഛര്‍ദിച്ചപ്പോള്‍ ഗുളിക വാങ്ങി കഴിക്കാന്‍ പറഞ്ഞു. ഈ സംഭവത്തിനുശേഷം കരയാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്നും ചാറ്റില്‍ പെണ്‍കുട്ടി പറയുന്നു.

ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലേ ഷാരോണിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പാറശ്ശാല ഇന്‍സ്‌പെക്ടര്‍ ഹേമന്ത് പറഞ്ഞു. ഷാരോണിന്റെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നാണ് മരണമൊഴിയില്‍ പറയുന്നത്. ഇതേ മൊഴി തന്നെയാണ് പൊലീസിനും ഷാരോണ്‍ നല്‍കിയിട്ടുള്ളതെന്നും പാറശ്ശാല സി ഐ ഹേമന്ത് വ്യക്തമാക്കിയിരുന്നു.