തെങ്ങുകയറ്റം പഠിപ്പിക്കുന്ന വനിതകൾ ഉണ്ടോ?; ഇതാ വർക്കലയിലെ സുനി

തെങ്ങുകയറ്റം പഠിപ്പിക്കുന്ന വനിതകൾ ഉണ്ടോ എന്നു ചോദിച്ചാൽ വർക്കലക്കാർക്ക്‌ ഉത്തരമുണ്ട്‌. ഇന്ത്യയിലെ ഏക വനിതാ മാസ്‌റ്റർ ട്രെയിനറായ സുനി നാടിന്റെ അഭിമാനമാണ്‌. വീട്ടിലെ പറമ്പിൽ തേങ്ങയിടാൻ വിസമ്മതിച്ച തെങ്ങുകയറ്റക്കാരനെ വെല്ലുവിളിച്ച്‌ സ്വയം തെങ്ങുകയറാൻ പഠിച്ച സുനി ഇന്ന്‌ കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തിലേറെപ്പേരെ പരിശീലിപ്പിച്ച ‘മാസ്റ്റർ’ ആണ്‌.
 
മുംബൈയിൽ ജോലിചെയ്‌തിരുന്ന കുടുംബമായിരുന്നു പാളയംകുന്ന് മുത്തൻവിളവീട്ടിൽ സുനിയുടേത്. ഒരിക്കൽ അവധിക്ക്‌ നാട്ടിൽവന്നപ്പോൾ ഒരു തെങ്ങുകയറ്റക്കാരനുമായി വഴക്കിടേണ്ടിവന്നു. "‘നീ നോക്കിക്കോ, ഞാൻ സ്വന്തമായി ഈ തെങ്ങിൽ കയറും’’ എന്ന്‌ അയാളെ വെല്ലുവിളിച്ചതാണ്‌ വഴിത്തിരിവായത്‌. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽനിന്ന്‌ പരിശീലനം നേടി 2011 മുതൽ തെങ്ങുകയറ്റത്തൊഴിലാളിയായി. മുംബൈയിൽ ഷിപ്പിങ്‌ കമ്പനിയിൽ ഡ്രൈവറായിരുന്ന ഭർത്താവ് ലീയും പ്രോത്സാഹിപ്പിച്ച്‌ ഒപ്പം കൂടി.
 
‘‘തെങ്ങിൽ കയറിയാൽ നിന്റെ കാല് തല്ലിയൊടിക്കും’’ എന്നു പറഞ്ഞ നാട്ടുകാർ ഉണ്ടായിരുന്നു. ‘" ദേ.. മരംകേറി പോകുന്നു’’ എന്നുവിളിച്ച്‌ കളിയാക്കുന്നവരുണ്ടായിരുന്നു. ‘‘മരംകേറിയുടെ മകൻ’’ എന്ന രീതിയിൽ നാട്ടുകാരുടെ കളിയാക്കലിന്‌ മകനും ഇരയായി. അവയൊന്നും സുനിയെയും കുടുംബത്തെയും പിന്തിരിപ്പിച്ചില്ല.
മുംബൈ, ഗുജറാത്ത്, കർണ്ണാടക, ഗോവ, സിംഗപ്പുർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ജമൈക്ക തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശീലനം നൽകാൻ പോയിട്ടുണ്ട്‌. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഭർത്താവിന്റെ സഹായത്തോടെ ലോറിവരെ ഓടിക്കാനും സുനി പഠിച്ചു. കർഷകസംഘം വർക്കല ഏരിയ കമ്മിറ്റി അംഗമാണ്‌. ഇലകമൺ പഞ്ചായത്തിൽ നൂറോളം കർഷകരെ ചേർത്ത് നാളികേര ഉൽപ്പാദകസംഘം രൂപീകരിച്ച് തെങ്ങുകയറ്റ പരിശീലനവും നടത്തി വരുന്നു.