പാർട്ടിഘടനയിൽ മാറ്റം വേണമെന്ന് കാനം വിരുദ്ധപക്ഷം,കാനത്തിനെതിരെ  പ്രകാശ് ബാബുവിനെ മൽസരിപ്പിക്കാനും നീക്കം

തിരുവനന്തപുരം : പ്രായപരിധി വിവാദത്തിന് പുറമെ പാര്‍ട്ടി ഘടനയിലും കാതലായ മാറ്റം ആവശ്യപ്പെട്ട് കാനം വിരുദ്ധപക്ഷം. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങൾ അംഗീകരിച്ച് പോകാനാകില്ലെന്ന നിലപാട് സംസ്ഥാന സമ്മേളന വേദിയിൽ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നീക്കം. അതേ സമയം പാര്‍ട്ടി മെന്പര്‍ഷിപ്പിലടക്കം ഉണ്ടായ വൻ വളര്‍ച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്ക് തെളിവായി ഉയര്‍ത്തിക്കാട്ടുകയാണ് കാനം അനുകൂലികൾഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ലെന്ന ആരോപണത്തിനൊപ്പം നേതൃത്വത്തിന്റെ ഏകപക്ഷീയ ഇടപെടലിലെതിരെയും ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പാര്‍ട്ടി ഘടനയിൽ തന്നെ മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാന സെന്ററിന്റെ പ്രവര്‍ത്തനം ഒറ്റയാളിലേക്ക് ഒതുങ്ങിയെന്ന ആക്ഷേപത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. ത്രിതല ഘടനയിൽ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോൾ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവും മാത്രമാണുള്ളത്. അംഗങ്ങളുടെ എണ്ണക്കൂടുതൽ കാരണം അടിക്കടി യോഗം ചേരാനോ ഫലപ്രദമായ ചര്‍ച്ചക്കോ ഇടമില്ല. നേതൃത്വം അറിയിക്കുന്ന തീരുമാനം അംഗീകരിച്ചു മടങ്ങുന്ന ഈ പതിവിന് അപ്പുറം മുൻപുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തിരിച്ച് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. എക്സിക്യൂട്ടീവിന് മുകളിൽ പത്തിൽ താഴെ അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യം സംസ്ഥാന സമ്മേളന വേദിയിൽ ശക്തമായി ഉയര്‍ന്നു വന്നേക്കും. ആഴ്ചയിലൊരിക്കലെങ്കിലും സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാൽ സംഘടനാപരമായും രാഷ്ട്രീയമായും നയരൂപീകരണത്തിന് ഇടംകിട്ടുമെന്നാണ് വാദം.സെക്രട്ടറി സ്ഥാനത്തു തുടരാനാണ് കാനം തീരുമാനിക്കുന്നതെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ തന്നെ മത്സരത്തിന് ഇറക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളും നടക്കുന്നുണ്ട്. അതേ സമയം സെക്രട്ടേറിയായി പ്രവര്‍ത്തിച്ച രണ്ട് ടേമുകൊണ്ട് മാത്രം പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ എണ്ണത്തിലുണ്ടായ കുതിച്ച് ചാട്ടം ചൂണ്ടിക്കാട്ടി സംഘടനയുടെ ആകെ പിന്തുണ ഉറപ്പിക്കുകയാണ് കാനം അനുകൂലികൾ