ഭാരത് ജോഡോ യാത്ര കേരളം വിടുന്നു; കേരള പര്യടനം ഇന്ന് സമാപിക്കും

നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും ; ഇന്നു കേരളത്തിന്റെ അതിർത്തി കടക്കുന്ന ഭാരത് ജോഡോ യാത്ര കെപിസിസിക്കും യുഡിഎഫിനും നൽകിയതു പുത്തൻ ആവേശവും ഉണർവും. മതനിരപേക്ഷ ചേരിയുടെ നേതൃസ്ഥാനം കോൺഗ്രസിനു തന്നെ അവകാശപ്പെട്ടതാണെന്നു സംശയലേശമെന്യേ വ്യക്തമാക്കിയാണു യാത്ര കേരളം പിന്നിടുന്നതെന്നു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.സംഘാടകരെപ്പോലും വിസ്മയിപ്പിച്ച പിന്തുണയാണു രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് കേരളത്തിലുടനീളം ലഭിച്ചത്. കോൺഗ്രസിനും യുഡിഎഫിനുമപ്പുറം ജനങ്ങൾ യാത്രയെ ഏറ്റെടുത്ത പ്രതീതിയാണു സജീവ പങ്കാളിത്തവും ആവേശക്കാഴ്ചകളും സമ്മാനിച്ചത്. പാർട്ടിയിലെ എല്ലാ വിഭാഗത്തെയും ചേർത്തു പിടിച്ച് ഒരുമയോടെ മുന്നേറി എന്നതു തന്നെയാണു യാത്രയുടെ കേരളത്തിലെ പാർട്ടി മിച്ച മൂല്യം. അപശബ്ദം ഒരിടത്തും ഉണ്ടായില്ല. പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കുന്ന കോൺഗ്രസിന്റെ പതിവു രീതിക്കു പകരം എല്ലാവരും ഒറ്റക്കെട്ടായി പങ്കു ചേർന്നു. അനാരോഗ്യം മാറ്റിവച്ച് രാഹുലിനൊപ്പം ഏറെ നേതാക്കൾ നടന്നു.ദിവസം 25–30 കിലോമീറ്റർ വച്ച് 19 ദിവസമായി ഏതാണ്ട് 450–500 കിലോമീറ്ററാണ് രാഹുലും സംഘവും കേരളത്തിൽ നടന്നു തീർക്കുന്നത്. തുടക്കത്തിൽ രാവിലെ 7 ന് തുടങ്ങിയ യാത്ര പിന്നീട് 6.30 ന് ആക്കി. കൃത്യസമയത്തു രാഹുൽ റെഡി എന്നതിനാൽ മറ്റുള്ളവരും ഉഴപ്പിയില്ല. ആറര മുതൽ പത്തര വരെയും പിന്നീടു നാലു മുതൽ സന്ധ്യ വരെയും യാത്ര മുന്നേറി. ചിലയിടത്തു മാത്രം പൊതുയോഗം. സംസാരിക്കുന്നതു രാഹുൽ മാത്രം. ഏറിയാൽ 15 മിനിറ്റ്. തനിക്കു സംസാരിക്കാനല്ല, മറ്റുള്ളവരെ കേൾക്കാനാണു യാത്ര എന്നതാണു നയം.ഉച്ചയ്ക്കുള്ള ഇടവേളയിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുമായും ചർച്ചകൾ. കൂടെ നടക്കാൻ വന്ന വിവിധ മേഖലകളിൽ നിന്നുള്ളവരോടു പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്കു മുൻഗണന നൽകി. അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും രാഹുൽ സംവദിച്ചു. തന്നെക്കുറിച്ചു കേരള നേതൃനിരയിലെ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതും മാറ്റുന്നതായിരുന്നു രാഹുലിന്റെ സമീപനം. ഏറെ സൗഹാർദത്തോടെ ഓരോ നേതാവിനോടും ഇടപെട്ട അദ്ദേഹം ഒപ്പം നടക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ കാട്ടി.കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, എം.എം.ഹസൻ, കെ.മുരളീധരൻ, യാത്രയുടെ കേരള കോഓർഡിനേറ്റർ കൂടിയായ കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു മുഴുവൻ സമയവും ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാക്കൾ. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും കെ.സുധാകരനും അവരുടെ റോൾ നിർവഹിച്ചു. എംപിമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവരും നേതൃപരമായ പങ്ക് വഹിച്ചു. ചാലക്കുടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒപ്പം നടന്നത് ആവേശം ഇരട്ടിപ്പിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കൾ പിന്തുണയുമായി നിറഞ്ഞുനിന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും രാഹുലിൽ ഉള്ള വിശ്വാസവും സ്നേഹവും യാത്രയിൽ പ്രതിഫലിച്ചു.യാത്രയ്ക്കെതിരെ ആദ്യം തിരിഞ്ഞ സിപിഎമ്മും പിന്നാലെ ആ വിമർശനം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ പിൻവലിഞ്ഞു. എൽഡിഎഫ് സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ രാഹുലും മുതിർന്നില്ല. കേന്ദ്ര ബിജെപി നേതാക്കളും തുടക്കത്തിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും പിന്നീടു പരിധി വിട്ടില്ല. ഗോവയിൽ 8 എംഎൽഎമാർ കോൺഗ്രസ് വിട്ടതും പാർട്ടി അധ്യക്ഷ സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വവും ഇതിനിടെ കോൺഗ്രസിൽ ഖിന്നത പരത്തിയെങ്കിലും രണ്ടും യാത്രയെ നേരിട്ടു ബാധിച്ചില്ല.