വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റിൻറെ കണ്ടകശനി മാറാതെ

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നത് വാഹന യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗേറ്റ് അടച്ചു കഴിഞ്ഞാൽ തുറക്കാൻ വൈകുന്നതാണ് യാത്രക്കാരുടെ സമയം അപഹരിക്കുന്നത്.

അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകേണ്ടവർ ഉൾപ്പെടെ ഗേറ്റിൽ കുടുങ്ങി കിടക്കുകയാണ്. പഴയകാലത്തെ സിഗ്നൽ സംവിധാനം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് കാരണം തുറക്കുന്നതിനെക്കാൾ സമയം അടഞ്ഞുകിടക്കുന്ന ഗേറ്റേന്ന പേരാണ് ഇതിനുള്ളത്.
വർക്കല റെയിൽവേ സ്റ്റേഷനും ജവഹർ പാർക്കിനും മദ്ധ്യേ സ്റ്റാർ തിയേറ്ററിന് സമീപത്തെ റെയിൽവേ ഗേറ്റാണ് യാത്രക്കാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത്. ഗേറ്റ് കടക്കാൻ പ്രദേശത്തെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോഴും.

റെയിൽവേ ചീഫ് സിഗ്നൽ ടെലികമ്യൂണിക്കേഷൻ എൻജിനിയറാണ് സിഗ്നൽ സംവിധാനം മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത്. റെയിൽവേ സേഫ്ടി കമ്മിഷണറുടെ അംഗീകാരവും വേണം. ഗേറ്റിന്റെ പ്രശ്നം റെയിൽവേയെ ബോദ്ധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വർഷങ്ങളായി തുടരുന്ന അലംഭാവം ജനങ്ങളുടെ യാത്രാസൗകര്യങ്ങളാണ് ഇല്ലാതാക്കുന്നത്.