കൊല്ലത്തിന്റെ ആഴക്കടലിൽ ഇന്ധന സാനിധ്യമുണ്ടെന്ന് സൂചന; ഉടൻ പര്യവേഷണം നടത്തിയേക്കും
September 24, 2022
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലിൽ നടത്തിയ പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിച്ചേക്കും. 18 ബ്ലോക്കുകളിൽ ഒരെണ്ണത്തിൽ ഖനനം നടത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ് ധാരണയിലെത്തിയതായും സൂചനയുണ്ട്.മൂന്ന് ഘട്ടങ്ങളായാണ് പര്യവേഷണം നടത്തുന്നത്. ഇതിനായി സർവ്വേ കപ്പൽ വാടകയ്ക്ക് എടുക്കും. പര്യവേഷണ സമയത്ത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ടഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കും. അടുത്ത വർഷം പകുതിയോടെ ഖനനം ആരംഭിച്ചേക്കും. കടലിന് നടുവിൽ ഇരുമ്പ് ഉപയോഗിച്ച് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം.ഖനനത്തിനായി കൂറ്റൻ പൈപ്പ്ലൈനുകൾ കടലിന്റെ അടിത്തട്ടിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. കൊല്ലം പോർട്ടിൽ ഈ പൈപ്പ് ലൈനുകൾ സംഭരിക്കാനാകുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.