സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രൂപ റെക്കോർഡ് തകർച്ചയിൽ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി.ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

അതേ സമയം യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡിലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന സൂചനയാണ് ഡോളറിന്റെ മൂല്യമുയര്‍ത്തിയത്.ബുധനാഴ്ച ഡോളറിന് 79.9750 രൂപ എന്ന നിരക്കില്‍ വിനിമയം അവസാനിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ വിനിമയം ആരംഭിച്ചത് ഡോളറിന് 80.2850 എന്ന നിരക്കിലാണ്. 

ഏഷ്യന്‍ കറന്‍സികളെല്ലാം മൂല്യത്തകര്‍ച്ചയിലാണ്. ചൈനീസ് കറന്‍സിയായ യുവാന്‍ ഡോളര്‍ ഒന്നിന് 7.10നു താഴെയെത്തി.