പെരുങ്ങുഴിയിൽ മൂന്ന് പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം: യാത്രക്കാർ ദുരിതത്തിൽ

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ യാത്രാദുരിതം തീരുന്നില്ല. മതിയായ യാത്രാസൗകര്യം ലഭ്യമല്ലാത്ത പെരുങ്ങുഴി നിവാസികൾക്ക് ഏറെ ആശ്രയവും സൗകര്യവുമായിരുന്നു ഇവിടെ നിറുത്തുന്ന പാസഞ്ചർ ട്രെയിനുകൾ.കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ നിറുത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ ഇല്ലാതാക്കിയതാണ് പെരുങ്ങുഴിയിലെ യാത്രക്കാർക്ക് ദുർവിധിയായത്.

ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം പാസഞ്ചറും തിരുവനന്തപുരത്ത് പഠനത്തിന് പോയി മടങ്ങുന്ന വിദ്യാർത്ഥികൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് എത്തി മടങ്ങേണ്ടവർക്കും ഏറെ പ്രയോജനകരമായിരുന്നു. ഈ മൂന്ന് പാസഞ്ചർ ട്രെയിനുകൾക്കും അടിയന്തരമായി സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളും നിരവധി നൽകിയിട്ടും അധികൃതർ ഈ വിഷയത്തോട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ഫുട് ഒാവർബ്രിഡ്ജ് വേണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. വികസനത്തിന്റെ ഭാഗമായി ഇരു പ്ലാറ്റ്ഫോമുകളും ഉയർത്തിയിരുന്നു. ഫുട്ഓവർ ബ്രിഡ്ജ് ഇല്ലാത്തതിനാൽ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ്ഫോമിൽ എത്താൻ മുക്കാൽ കിലോമീറ്ററോളം നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.