ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തിങ്കൾ വൈകിട്ട് തുടക്കമാകും. ക്ഷേത്രസന്നിധിയിൽ സേവാപന്തലിൽ പ്രത്യേകമായൊരുക്കിയ സരസ്വതി മണ്ഡപത്തിൽ പത്ത് ദിവസം നീളുന്ന സംഗീതോത്സവം എല്ലാ ദിവസവും വൈകിട്ട് ആരംഭിക്കും. ഒക്ടോബർ 5ന് രാവിലെ വിദ്യാരംഭത്തോടെയാണ് സമാപനം.
വിജയദശമി ദിവസം രാവിലെ ഏഴുമണി മുതൽ എഴുത്തിനിരുത്തൽ ചടങ്ങിന് തുടക്കമാകും. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ദേവസ്വം ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ അരങ്ങേറുന്ന സമൂഹ സംഗീതാർച്ചനയോടെ സംഗീതോത്സവത്തിന് സമാപനം കുറിക്കും.