തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്നാണ് ടീം എത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ബുധനാഴ്ച്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നാളെ വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് പരിശീലനത്തിനിറങ്ങി.4,000 പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍ ഒഴിച്ചിട്ട് തുടങ്ങിയ ടിക്കറ്റ് വില്‍പനയില്‍ മുക്കാല്‍ പങ്കും വിറ്റുപോയിട്ടുണ്ട്. കാര്യവട്ടം ടി20ക്ക് റണ്ണൊഴുകും പിച്ചാണ് ഏവരും പ്രതീക്ഷിക്കുന്നത്. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ തയ്യാറാക്കിയത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റ് തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിവരുന്നു. ടി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് വീറുറ്റ മത്സരമാണ്.