വക്കത്ത് നായയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും കടിയേറ്റു

വക്കം : വക്കത്ത് നായയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും കടിയേറ്റു. അതേ നായ തന്നെ വീട്ടിൽ നിന്ന വീട്ടമ്മയെ വീട്ടിലും കയറി കടിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വക്കം പണയിൽക്കടവിൽ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറിൽ വീടിനടുത്തുള്ള അംഗൻവാടിയിലേക്ക് പോകുമ്പോൾ നായ പാഞ്ഞടുക്കുകയും അജിത്തിന്റെ മൂത്ത മകളെ ആക്രമിക്കാനും ശ്രമിച്ചു. ഇത് കണ്ട് നായയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അജിത്തിനും ഇളയ മകൾ 5അര വയസ്സുകാരി ശ്രീബാലയ്ക്കും കടിയേറ്റത്. കുട്ടിക്ക് നല്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അജിത്തിന് കയ്യിലാണ് കടിഏറ്റത്. ഇവരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജിത്തിനും മകൾക്കും കടിയേറ്റതിനു പിന്നാലെ വീട്ടു മുറ്റത്ത് നിന്ന മറ്റൊരു സ്ത്രീയെയും നായ വീട്ടിൽ കയറി കടിച്ചു പരിക്കേൽപ്പിച്ചു. വക്കം കുരുപ്പന്റെപണയിൽ ബിസ്മി മൻസിലിൽ അസുമാബീവി (56)യ്ക്കാണ് കടിയേറ്റത്. അവരുടെ രണ്ട് കയ്യിലും നെഞ്ചിലും കടിയേറ്റു.

അംഗൻവാടിക്ക് സമീപമുള്ള ഒരു വീട്ടിലെ വളർത്തുനായയാണ് ആക്രമിച്ചത്. കുറച്ചു ദിവസം മുൻപ് വളർത്തുനായ ആ വീട്ടിലെ കുട്ടിയേയും കടിച്ചു പരിക്കേൽപ്പിച്ചു. ഈ ഉപദ്രവകാരിയായ നായയെ അഴിച്ചു വിടുന്നതിനെതിരെ നാട്ടുകാർ പരാതിപ്പെടുന്നു