'സെപ്‍തംബര്‍ പേ വിഷ പ്രതിരോധ മാസം', നായ്‍ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബര്‍ പേവിഷ  പ്രതിരോധ മാസം. സെപ്‍തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.