സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പരാതി

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെഞ്ഞാറമൂട് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ കിളിമാനൂർ സുരേഷ്, സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ അവതാരക കയ്യിൽ ചരട് കെട്ടിയത് മോശമാണെന്ന് പറഞ്ഞ സുരാജ് ഹിന്ദു വിശ്വാസികളുടെയും, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചതായി ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ പറയുന്നു. ഇത് ഹിന്ദു ആചാരങ്ങളെയും വിശ്വാസത്തെയും വൃണപ്പെടുത്തുന്നതാണ്. സംഭവത്തിൽ ഐപിസി 295 എ വകുപ്പ് പ്രകാരം സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഹിന്ദു ആചാരത്തെ അവഹേളിച്ച സംഭവത്തിൽ രണ്ടാമത്തെ പരാതിയാണ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പോലീസിൽ ലഭിച്ചിട്ടുള്ളത്. പരാമർശത്തിൽ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

കോമഡി ഉത്സവം പരിപാടിയിൽ അവതാരക അശ്വതി ശ്രീകാന്ത് കയ്യിൽ ചരട് കെട്ടിയെത്തിയതിനോട് ആയിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രതികരണം. ചിലർ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവെച്ചിരിക്കുന്നത് പോലെയുണ്ടെന്നായിരുന്നു നടൻ പറഞ്ഞത്. ശരംകുത്തിയാലിന്റെ മുൻപിൽ നോക്കിയാൽ ഇത് പോലെ പല കെട്ടുകളും കാണാമെന്നും നടൻ പറഞ്ഞിരുന്നു.