അന്ന് സംഭവിച്ചത്...
മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോൾ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. സംഭവത്തിൽ 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിട്ടുണ്ട്. സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെ അന്വേഷണവിധേയരായി സസ്പെൻഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.