ഭർത്താവിനെ തേടി കാമുകിയെത്തി; ടിക് ടോക് താരമായ ഭാര്യ വിവാഹം നടത്തികൊടുത്തു; മൂവരും ഇനി ഒരു കൂരയ്ക്കു കീഴിൽ

തിരുപ്പതി: ഭർ‌ത്താവിനെ തേടിയെത്തിയ കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രപ്രദേശിലാണാ സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണിനാണ് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.

കല്യാണിനെ തേടി വിശാഖപട്ടണത്ത് നിന്നെത്തിയ നിത്യശ്രീ എന്ന യുവതിയെയാണ് ഭാര്യ വിമല വിവാഹം കഴിപ്പിച്ച് കൊടുത്തത്. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ പറഞ്ഞു.

കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. എന്നാൽ കല്യാണും നിത്യശ്രീയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തു. എന്നാൽ വിമല മുൻകൈയെടുത്ത് വിവാഹം നടത്തുകയാണ്.

വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽ വെച്ച് കല്യാണിന്റെയും നിത്യശ്രീയും വിവാഹം നടത്തി.