വിതുര പേപ്പാറയിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ എസ്.പി.സി. സേനാംഗങ്ങളെ മദ്യപസംഘം അസഭ്യം പറയുകയും പരിശീലകരായ എസ്.ഐ.യെയും റിട്ട. എസ്.ഐ.യെയും ഒപ്പമുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കുകയും ചെയ്തു.
മദ്യപസംഘത്തിലുണ്ടായിരുന്ന ആര്യനാട് സ്വദേശി സക്കീർ ഹുസൈനെ പോലീസ് അറസ്റ്റുചെയ്തു.
ഒപ്പമുണ്ടായിരുന്ന ഷിജി കേശവൻ, ഉദയകുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടുപേർക്കുമെതിരേ കേസെടുത്തു. ഇവർ ഒളിവിലാണ്.
എസ്.പി.സി. പരിശീലകരായ എസ്.ഐ. രാജേന്ദ്രൻനായർ, റിട്ട. എസ്.ഐ. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പേപ്പാറ ഡാമിനു സമീപത്തെ വനം വകുപ്പ് ബംഗ്ലാവിനു മുന്നിൽ വച്ച് ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.
കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ 41 എസ്.പി.സി. കേഡറ്റുകൾ ത്രിദിന പ്രകൃതിപഠന ക്യാമ്പിനായി ചൊവ്വാഴ്ചയാണ് പേപ്പാറയിലെത്തിയത്. രണ്ടാം ദിവസമായ ബുധനാഴ്ച വൈകീട്ടോടെ കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടെയാണ് മദ്യപിച്ചെത്തിയ സംഘം കുട്ടികളെ അസഭ്യം പറഞ്ഞത്.
ഇതു ചോദ്യംചെയ്ത പരിശീലകരെയും ഗൈഡായി ഒപ്പമുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും ഇവർ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അഖിലിന്റെ പരിക്ക് ഗുരുതരമാണ്. അനിൽകുമാറിന്റെ കാലിൽ മുറിവേറ്റു. അക്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കവെ സക്കീർഹുസൈനെ ഇവർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
ഇതിനിടയിൽ മറ്റുള്ളവർ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ വിതുര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.