*കേരളം വീണ്ടും പനിക്കിടക്കയില്‍; ആരോഗ്യ പ്രശ്നങ്ങള്‍‌ കൂടുന്നു .*

പലര്‍ക്കും പനി വിട്ട് പോകാതെ ആഴ്ചകളോളും തുടരുന്നതായും അതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പനി ബാധിച്ചവരില്‍ പ്രതിരോധ ശേഷി കുറവ് ശക്തമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സാധാരണ ഓഗസ്റ്റ് - സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താറുണ്ടെങ്കിലും കോവിഡാനന്തര ആരോഗ്യ കേരളത്തില്‍ പനി അത്ര നിസാരമായി കണേണ്ട ഒന്നല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. കേരളം വീണ്ടും പനിക്കിടക്കയിലാണെന്ന് കണക്കുകള്‍ പറയുന്നു. മഴക്കാലത്തിന്‍റെ തുടക്കം മുതല്‍ കേരളത്തില്‍ പനി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. മഴ കുറഞ്ഞ സമയത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു പനിക്കാലം രേഖപ്പെടുത്തിയെങ്കിലും പിന്‍വാങ്ങിയ പനി അടക്കമുള്ള രോഗങ്ങള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നു. പനി പിടിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്. 

ഈ മാസം 24 -ാം തിയതി ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 14 ജില്ലകളിലായി 14,053 പനി ബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളെത്തി ചികിത്സതേടിയിരുന്നു. ഏറ്റവും കുടുതല്‍ പനി രേഖപ്പെടുത്തിയത് കോഴിക്കോട് (2490), മലപ്പുറം (1804), തിരുവനന്തപുരം (1193), എറണാകുളം (1124), കണ്ണൂര്‍ (1124), പാലക്കാട് (1217) ജില്ലകളിലാണ്. അതേ ദിവസം കേരളത്തില്‍ 1448 പേര്‍ക്ക് കൊവിഡ് ബാധിച്ചതായും രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം ഞായറാഴ്ച ആയതിനാല്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 6713 പേരാണ് ഞായറാഴ്ച ആശുപത്രികള്‍ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയത്