വക്കം: പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യ ഭംഗിയിൽ സുന്ദരമായ മണനാക്ക് കടവിൽ കായൽ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. അകത്തുമുറി കായലും, കുളമുട്ടം കായലും ഒത്തുചേരുന്ന ഇവിടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കുളിർമ നൽകുന്ന കാറ്റും ഈ കടവിന്റെ പ്രത്യേകതയാണ്. ഒപ്പംഏറെ പുറം കായൽ ദൃശ്യങ്ങളുമുണ്ട്. തെങ്ങുകളാൽ നിറഞ്ഞ ഈ മേഖല ഒരുകാലത്ത് കയറിന്റെയും തൊണ്ട് തല്ലലിന്റെയും പ്രധാന കേന്ദ്രമായിരുന്നു. ഇവിടെഇന്ന് എല്ലാം അപ്രത്യക്ഷമായി. നിരവധി ലോറികളിൽ എത്തിരുന്ന പച്ചത്തൊണ്ടുകൾ ഇവിടെ നിന്ന് വള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോയ ചിത്രങ്ങൾ ഓർമ്മയിൽ മാത്രം. കായൽത്തീരങ്ങളിൽ തൊണ്ട് തല്ലുന്നതിന്റെയും, റാട്ടിൽ കയർ പിരിക്കുന്നതിന്റെയും ശബ്ദം ഇന്ന് കേൾക്കാനില്ല. കയർ മേഖലയിൽ 500 ലധികം കുടുംബങ്ങൾ പണിയെടുത്തിരുന്നത് പൂർവ്വ കാലം. പുറം കായലുകളിൽ താമര ഇലകൾ പോലുള്ള വട്ടങ്ങളും, മാലുകളുമില്ല. എല്ലാം പിൻവലിഞ്ഞെങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ ദൃശ്യഭംഗി കൂടുതൽ മികവോടെ ഇന്നും ഇവിടെ നിലനിൽക്കുന്നു.
മണനാക്കിൽ ജല ടൂറിസം വികസിപ്പിച്ചെടുത്താൽ വക്കം ഗ്രാമ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറും. സഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മാത്രമൊരുക്കിയാൽ മതി. ദേശീയപാതയിൽ ആലംകോട്, ആറ്റിങ്ങൽ എന്നിവിടങ്ങൽ നിന്ന് 5 കിലോമീറ്റർ ദൂരം മാത്രം. മണനാക്ക് കടവ് വരെ വാഹന സൗകര്യം നിലവിലുണ്ട്. ഇനി വേണ്ടത് ജലയാത്ര നടത്തുന്നതിനാവശ്യമായ വള്ളങ്ങൾക്കും ബോട്ടുകൾക്കുമുള്ള ജെട്ടികൾ. പിന്നെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, പ്രാഥമിക സൗകര്യങ്ങൾ. ഇത്രയും സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ ഒരുക്കിയാൽ മാത്രം മതി ഇത് പ്രാവർത്തികമാകും.
ജലയാത്ര ആരംഭിച്ചാൽ അകത്തുമുറി റെയിൽവേ സ്റ്റേഷനും, സ്വകാര്യ മെഡിക്കൽ കോളേജും കൈയെത്തും ദൂരത്ത്. ചരിത്രം ഉറങ്ങുന്ന പൊന്നിൻതുരുത്തെന്ന ദീപ് ഈ മേഖലയിലാണ്. ഇതിനു പുറമേ കായൽ മത്സ്യങ്ങൾക്ക് പേരുകേട്ട ഇവിടെ അനുബന്ധ വ്യവസായങ്ങളും നിരവധി തൊഴിൽ അവസരങ്ങളും ഉണ്ടാകും