എട്ട്, 10, 12 ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇത് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്.
ഹോസ്റ്റലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ രാത്രിയില്‍ കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. മറൈന്‍ഡ്രൈവില്‍ വെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കണ്ടു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കള്‍ അറിഞ്ഞെന്നും അതിനാല്‍ തങ്ങള്‍ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു.
ഇതറിഞ്ഞ സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് ഉടന്‍തന്നെ കരീലക്കുളങ്ങര പൊലീസിനെ
വിവരം അറിയിച്ചു. പൊലീസ് സംഘം എറണാകുളത്തുനിന്നു വിദ്യാര്‍ഥിനികളെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.