“2007 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പരുങ്ങലിലായിരുന്ന ഇന്ത്യയെ തകർപ്പൻ അർദ്ധ സെഞ്ച്വറിയിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഉത്തപ്പയായിരുന്നു. സമനിലയിൽ അവസാനിച്ച മത്സരത്തിൽ, ബൗൾ ഔട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിലും ഉത്തപ്പ നിർണ്ണായക പങ്ക് വഹിച്ചു. പേസ് ബൗളർമാരെ പോലും ക്രീസിൽ നിന്നും ചാടിയിറങ്ങി പ്രഹരിച്ചിരുന്ന ഉത്തപ്പ, സമകാലിക ക്രിക്കറ്റിലെ മികച്ച ആക്രമണകാരിയായ ബാറ്റർമാരിൽ ഒരാളായിരുന്നു.
2012ലും 2014ലും ഗൗതം ഗംഭീർ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടുമ്പോൾ ഉത്തപ്പയുടെ പ്രകടനം നിർണ്ണായകമായിരുന്നു. 2021ൽ ഐപിഎൽ കിരീടം നേടിയ ചെന്നൈ ടീമിലും ഉത്തപ്പ ഭാഗമായിരുന്നു. 205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 27 അർദ്ധ ശതകങ്ങൾ ഉൾപ്പെടെ 4,952 റൺസ് അടിച്ചു കൂട്ടിയിട്ടുള്ള റോബിൻ ഉത്തപ്പ, ഐപിഎൽ ചരിത്രത്തിലെ ഒൻപതാമത്തെ മികച്ച റൺ വേട്ടക്കാരനാണ്.
രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്ക് വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ, കേരള രഞ്ജി ടീമിന്റെ ക്യാപ്ടനായും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.