കല്ലമ്പലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന ഒരു മഹാ ഫെസ്റ്റിവൽ, വ്യക്തമായ പദ്ധതികളോ ആസൂത്രണങ്ങളോ മനുഷ്യത്വപരമായ സമീപനങ്ങളോ ഇല്ലാതെ അവസാനം കൂട്ട അടിയിൽ കലാശിച്ചു

കരവാരം പഞ്ചായത്ത്‌ ഹരിത ഹൃദയ ഓണം ഫെസ്റ്റിവൽ സംഘാടന പിഴവ് കൊണ്ടും ഗുണ്ടാ പിരിവ് കൊണ്ടും ആണ് ആദ്യം വാർത്തകളിൽ നിറഞ്ഞത് എങ്കിൽ ഇപ്പോൾ സ്റ്റാൾ ഇട്ടിരുന്നവരുടെ ഗതികേടും അവസാനം നടന്ന കൂട്ടതല്ലിന്റെയും പേരിൽ ആണ് വാർത്തകളിൽ നിറയുന്നത്. ഒരു ദിവസം ആയിരം പേരെ സ്റ്റാളിൽ എത്തിക്കാം എന്ന ഉറപ്പിൽ ആണ് രണ്ടര ലക്ഷം വരെ വാടക വാങ്ങി മേളയിൽ സ്റ്റാൾ അനുവദിച്ചത്. ആൾക്കാരെ എത്തിക്കുന്നതിൽ പഞ്ചായത്ത്‌ പൂർണമായി പരാജയപ്പെട്ടതോടെ സ്റ്റാളിൽ കൊണ്ട് വന്ന സാധങ്ങൾ വിൽക്കാതെ ബാക്കിയായി. രണ്ടര ലക്ഷം രൂപക്ക് എടുത്ത സ്റ്റാളിൽ 50,000 രൂപയുടെ പോലും കച്ചവടം നടക്കാത്ത അവസ്ഥയിൽ വാടക കുറച്ചു കൊടുക്കണം എന്ന ആവശ്യം പഞ്ചായത്ത്‌ നിരസിച്ചു. തുടർന്ന് മുഴുവൻ സ്റ്റാളിലെയും സാധങ്ങൾ തടഞ്ഞു വെച്ച പഞ്ചായത്ത്‌ അധികാരികൾ പൈസ മുഴുവൻ കൊടുക്കാതെ സാധനങൾ തിരികെ കൊണ്ട് പോകാൻ സമ്മതിക്കില്ല എന്ന നിലപാട് ആണ് എടുത്തത്. കച്ചവടക്കാരുടെ പരാതിയിന്മേൽ കല്ലമ്പലം പോലീസ് ഇടപെടുകയും സാധങ്ങൾ തടഞ്ഞു വെക്കാൻ അനുവദിക്കില്ല എന്ന തീരുമാനം എടുക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ പോയതിന് പഞ്ചായത്ത്‌ പ്രസിഡന്റ്റും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും പകരം വീട്ടിയത് സ്റ്റാളിൽ ഉള്ള കറന്റ് ഓഫ് ചെയ്തിട്ടാണ്. ഫ്രീസറുകളിൽ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഹാര സാധനങ്ങൾ ആണ് ഇത്തരത്തിൽ നശിച്ചത്. ഇതിന് പുറമെ ആണ് സ്റ്റാളിൽ നിന്നവരെ കായികമായി കൈകാര്യം ചെയ്യാൻ പ്രസിഡന്റ് അനുകൂലികൾ ഒരുങ്ങിയത്. സ്റ്റാൾ എടുത്തിരുന്ന  ഡിവൈഎഫ്ഐ കാരൻ കൂടിയായ കച്ചവടക്കാരനെ പ്രസിഡന്റ്റും രണ്ട് മെമ്പർമാരും ചേർന്ന് സ്റ്റാളിനു പിറകിൽ കൊണ്ട് പോയി ക്രൂരമായി മർദിച്ചു. ഇത്‌ അറിഞ്ഞു മറ്റു സ്റ്റാളിലെ കച്ചവടക്കാർ ഒക്കെ ചേർന്ന് തിരിച്ചടിച്ചു. സംഘാടകരായ ബിജെപിപ്രവർത്തകർക്കും കച്ചവടക്കാരനെ മർദ്ധിക്കാൻ ഒപ്പം ഉണ്ടായിരുന്ന SDPI മെമ്പർക്കും നല്ല രീതിയിൽ തല്ല് കിട്ടി. ഇവരെ തിരിച്ചടിക്കാൻ വീണ്ടും ബിജെപിയിലെ പ്രസിഡന്റ് അനുകൂല വിഭാഗം ഒത്തുകൂടി. തുടർന്ന് പോലീസ് ഇരു വിഭാഗത്തെയും കസ്റ്റഡിയിൽ എടുത്തു. കച്ചവടക്കാർ മദ്യപിച്ചിരുന്നു എന്ന് പ്രസിഡന്റ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് തങ്ങളെ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കണം എന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ കച്ചവടക്കാർ ആരും മദ്യപിച്ചിട്ടില്ല എന്നും ബിജെപിപ്രവർത്തകർ മദ്യപിച്ചിരുന്നു എന്നും തെളിഞ്ഞു. ഒടുവിൽ ബാക്കി വാടക വേണ്ട എന്നും പകരം ബിജെപിക്കാരുടെ പേരിൽ കേസെടുക്കരുത് എന്നും ഉള്ള ധാരണയിൽ കച്ചവടക്കാരെ അവരുടെ സാധനം കൊണ്ട് പോകാൻ അനുവദിച്ചു. അവർ സാധനം കൊണ്ട് പോയതോടെ മദ്യപിച്ചു തല്ലുണ്ടാക്കിയ പ്രസിഡന്റ് അനുകൂല പ്രവർത്തകരെയും കേസെടുക്കാതെ വെറുതെ വിട്ടു. ഇവർക്ക് ബിജെപിയുമായി ബന്ധം ഇല്ല എന്നും പ്രസിഡന്റ് സ്വന്തം നിലയ്ക്കു കൊണ്ട് വന്നവരാണ് എന്നുമാണ് ഔദ്യോഗിക ബിജെപി നിലപാട്. ഏതായാലും ഈ മേള സംസ്ഥാന തലത്തിൽ തന്നെ നാണം കെട്ട പരിസമാപ്തിയിൽ ആണ് എത്തിയത്.