പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറായതിനെത്തുടര്‍ന്ന് തനിയെ തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താന്‍ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തല്‍. അത്രയും സമയം വെള്ളം ഒഴുകിക്കൊണ്ടിരിക്കുമെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടര്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നതെന്നാണ് വിവരം.
“ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.”