ബെയ്ജിങിൽ 6000 വിമാനം റദ്ദാക്കി, ട്രെയിൻ സർവീസും നിർത്തി: ഷി ചിൻപിങ് എവിടെ?

ബെയ്ജിങ് • ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തില്‍നിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതില്‍ ഉള്‍പ്പെടും. കാരണം ഇതുവരെയും അറിയിച്ചിട്ടില്ല.നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാങ്ഹായ് അടക്കം മറ്റു ചൈനീസ് നഗരങ്ങളില്‍ വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ‌ ഷി ചിൻ പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ ശക്തമായി.ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങിയിരുന്നു. ഷി ചിൻ പിങ്ങിനെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തുനിന്നു നീക്കിയെന്നും വീട്ടുതടങ്കലിലാക്കിയെന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.