ന്യൂഡൽഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങൾക്ക് തുടക്കമിടും. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29 ന് തന്നെ പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
5ജി സേവനങ്ങൾ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് പരിപാടി നടക്കുക. അങ്ങനെയെങ്കിൽ ഒക്ടോബർ ഒന്നിന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ തന്നെ 5ജി പ്രഖ്യാപനം ഉണ്ടായേക്കും. ദീപാവലിയോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. സമീപദിവസങ്ങളിൽ തന്നെ ഭാരതി എയർടെലും 5ജി സേവനങ്ങൾ ആരംഭിച്ചേക്കും.