കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. ഈ മാസം 30-ാം തീയതി വരെയാണ് പത്രിക സമർപ്പണത്തിനുള്ള സമയം. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. മുപ്പതാം തീയതി വരെ രാവിലെ 11 മുതൽ മൂന്ന് മണിവരെ എഐസിസി ആസ്ഥാനത്ത് നേരിട്ട് പത്രിക സമർപ്പിക്കാം.ഒക്ടോബർ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബർ എട്ടുവരെ വരെ നാമനിർദേശ പത്രിക പിൻവലിക്കാം.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടും ,ശശി തരൂരും മത്സരംഗത്ത് ഉണ്ടാകും എന്ന് ഉറപ്പായി. ജി 23 പ്രതിനിധീകരിച്ച് മനീഷ് തിവാരി മത്സരിച്ചേക്കും.അതേസമയം മല്‍സരിക്കണമെങ്കില്‍ മുഖ്യമന്ത്രിപദം ഒഴിയണമെന്ന് നിര്‍ദേശം ലഭിച്ച അശോക് ഗെലോട്ടിന്റെ തുടർ നീക്കങ്ങൾ നിർണായകമാണ്. ഭൂരിപക്ഷം എംഎൽഎമാർ നിർദേശിക്കുന്ന പ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന പാർട്ടി നയം പാലിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെടും.സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിപദം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എംഎൽഎമാർ രംഗത്തുണ്ട്. രാജസ്ഥാനിൽ
അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കരുതലോടെയാകും ഹൈക്കമാന്റിന്റെ നീക്കം.