ഹൈദരാബാദ്: സൂര്യകുമാര്‍ യാദവ്-വിരാട് കോലി ബാറ്റിംഗ് വെടിക്കെട്ടില്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി. സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്. സ്കോര്‍: ഓസീസ്- 186/7 (20), ഇന്ത്യ 187/4 (19.5). മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 5 റണ്‍സ് മാത്രമുള്ളപ്പോള്‍ കെ എല്‍ രാഹുല്‍(4 പന്തില്‍ 1) പുറത്തായി. സാംസിന്‍റെ പന്തില്‍ വെയ്‌ഡിന്‍റെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകല്‍. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മ്മയും തിളങ്ങിയില്ല. 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. സാംസിനായിരുന്നു ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സിക്‌സുകളും ബൗണ്ടറികളുമായി സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 13-ാം ഓവറില്‍ സാംപയെ ഗാലറിയിലെത്തിച്ച് 29 പന്തില്‍ സൂര്യകുമാര്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യക്ക് ആത്മവിശ്വാസമായി. ഫിഫ്റ്റിക്ക് പിന്നാലെ തൊട്ടടുത്ത പന്തിലും സിക്‌സര്‍. അടിതുടര്‍ന്നെങ്കിലും 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയെ ഹേസല്‍വുഡ് ബൗണ്ടറിക്കരികെ ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു. ഗ്രീനും കമ്മിന്‍സും ഹേസല്‍വുഡും മത്സരം കടുപ്പിക്കാന്‍ ശ്രമിച്ചതോടെ മത്സരം അവസാന ഓവറിലെത്തി. സാംസിന്‍റെ 20-ാം ഓവറിലെ ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സ് നേടിയ കോലി തൊട്ടടുത്ത പന്തില്‍ ഫിഞ്ചിന്‍റെ കൈകളിലായി. 47 പന്തില്‍ മൂന്ന് ഫോറും 4 സിക്‌സും സഹിതം കോലി 63 റണ്‍സെടുത്തു. ഒടുവില്‍ ബൗണ്ടറിയുമായി ഹാര്‍ദിക് പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തു. പാണ്ഡ്യ 15 പന്തില്‍ 25ഉം ഡികെ 1 പന്തില്‍ ഒന്നും റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കത്തിന് ശേഷം മധ്യ ഓവറുകളില്‍ വലഞ്ഞ ഓസീസ് ടിം ഡേവിഡിന്‍റെ ഫിനിഷിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുക്കുകയായിരുന്നു. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി. ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, അക്സര്‍ പട്ടേല്‍ എന്നിവരെ കടന്നാക്രമിച്ച് 19 പന്തില്‍ ഗ്രീന്‍ അമ്പത് തികച്ചു. ഇതോടെ പവര്‍പ്ലേയില്‍ ഓസീസ് 66 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗ്രീന്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ 52 റണ്‍സുണ്ടായിരുന്നു സ്വന്തം പേരില്‍. ഗ്രീന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി. അതേസമയം ആരോണ്‍ ഫിഞ്ച്(6 പന്തില്‍ 7), സ്റ്റീവ് സ്‌മിത്ത്(10 പന്തില്‍ 9), ഗ്ലെന്‍ മാക്‌സ്‌വെല്‍(11 പന്തില്‍ 6), മാത്യൂ വെയ്‌ഡ്(3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. മധ്യഓവറുകളില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തിയെങ്കിലും സ്ലോഗ് ഓവറുകളില്‍ ടിം ഡേവിഡും ഡാനിയേല്‍ സാംസും വമ്പനടികളുമായി ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഡേവിഡ് 27 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 54 റണ്‍സെടുത്തു. സാംസ് 20 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ഏഴാം വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്തു.