ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബാംഗമായ നിതിൻ മേനോനും കേരളത്തിൽ രാജ്യാന്തര മത്സരം നിയന്ത്രിക്കാനെത്തുന്നത് ഇതാദ്യം. തൃശൂർ സ്വദേശിയായ മുൻ രാജ്യാന്തര അംപയർ നരേന്ദ്ര മേനോന്റെയും ആലുവ സ്വദേശി ഗീതയുടെയും മകനാണ് നിതിൻ. ഐസിസി അംപയർ എലീറ്റ് പാനലിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ നിതിൻ നിലവിൽ ഈ പാനലിലുള്ള ഏക ഇന്ത്യൻ അംപയറുമാണ്.28ന് വൈകിട്ട് 7.30 മുതൽ നടക്കുന്ന മത്സരത്തിന്റെ മാച്ച് റഫറി മുൻ രാജ്യാന്തര താരമായ ജവഗൽ ശ്രീനാഥാണ്. ജെ.ആർ.മദനഗോപാലാണ് ടിവി അംപയർ. വീരേന്ദർ ശർമ ഫോർത്ത് അംപയറാകും.ദക്ഷിണാഫ്രിക്കൻ ടീം നാളെ പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നുള്ള വിമാനത്തിൽ തലസ്ഥാനത്തെത്തും. 26ന് വൈകിട്ട് 4.30ന് ആണ് ഇന്ത്യൻ ടീം എത്തുക.