ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (ജനനം: ജൂൺ 4 1946 മരണം: സെപ്തംബർ 25 2020). എസ്.പി.ബി. എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീ (2001), പത്മ ഭൂഷൺ (2011), പത്മവിഭൂഷൻ (മരണാനന്തരം - 2021)എന്നീ ബഹുമതികൾ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ നൽകിയിരുന്നു. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. 2020 സെപ്തബർ 25 ന് അദ്ദേഹം അന്തരിച്ചു.
സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി,ഓട്ടോറിക്ഷയിൽ റോയപ്പേട്ടയിലേയ്ക്കു പോകുമ്പോഴാണ് ആ ശബ്ദം ആദ്യം കേട്ടത്.
മല്ലിയും മുല്ലയും ജമന്തിയും കനകാംബരവും നിറവും മണവുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ചെന്നൈ നഗരത്തിലെ ചന്തത്തെരുവുകളിലെവിടെനിന്നോ.
"ഇളയനിലാ പൊഴികറതേ..
ഇദയംവരൈ നനൈകിറതേ .. "
ഹൃദയം വരെ നനഞ്ഞിറങ്ങുന്ന ശബ്ദം.
ആ നനവ് പതിയെ മനസ്സിലൊരു പുഴയായി ഒഴുകാൻ തുടങ്ങി..
പിന്നെ, ആ മധുര നാദം കേട്ടുകൊണ്ടേയിരുന്നു ..
പ്രണയം അലകളുണർത്തുന്ന വംഗക്കടൽക്കരയിൽ..
ഭക്തി നറുനിലാവു പൊഴിക്കുന്ന കപാലീശ്വരൻ്റെയും പാർത്ഥസാരഥിയുടെയും തിരുസന്നിധികളിൽ..
കാലം യാഗാശ്വവേഗത്തിലോടുന്ന,
മൗണ്ട് റോഡിലെ ആരവങ്ങൾക്കിടയിൽ ..
പൊങ്കലും ദീപാവലിയും ആയുധപൂജയും ആനന്ദമുണർത്തുന്ന തമിഴൻ്റെ ആഘോഷത്തിമിർപ്പുകളിൽ..
വിശപ്പും ദാരിദ്യവും കുടിൽ കെട്ടിത്താമസിക്കുന്ന
കൂവം നദിക്കരയിലെ
താരാട്ടുപാട്ടുകളിൽ..
മദിരാശി നഗരത്തിൽ രണ്ടു പതിറ്റാണ്ടുകാലം ദുരിതങ്ങളുടെ അഗ്നി കെടുത്തിയ സാന്ത്വനത്തേന്മഴയായി ആ ശബ്ദം.
ഇളയരാജയുടെ മാന്ത്രികസംഗീതം ഒന്നിനു പത്തായി മടക്കിക്കൊടുത്ത എസ്.പി. ബാലസുബ്രഹ്മണ്യത്തിൻ്റെ മധുരശബ്ദം.
സംഗീതം പതഞ്ഞൊഴുകുന്ന പാൽപ്പുഴ പോലെ,
പിന്നീടിന്നോളം ഒരിക്കലും വറ്റാത്ത രാഗനദിയായി അത് നമ്മുടെ ഹൃദയത്തിലൂടെ ഒഴുകി നീങ്ങി.
മധുരമായ വാക്കുകൾ ... കുഞ്ഞിക്കുസൃതികൾ ..
നിഷ്ക്കളങ്കമായ ചിരി.
വലിയ ശരീരവും അതിലും വലിയ മനസ്സുമുള്ള എസ്.പി.ബാലസുബ്രഹ്മണ്യം എന്ന ഗായകൻ മറ്റ് ഏതു സംഗീതപ്രേമിയെയും പോലെ എല്ലാവരേയും കീഴടക്കി.
ആ സ്വരമാധുരി തിരിച്ചെടുക്കരുതേയെന്ന കോടിക്കണക്കിനു സംഗീതപ്രേമികളുടെ അപേക്ഷ കാലം ചെവിക്കൊണ്ടില്ല.
ഒരു വർഷം മുമ്പ് ആ വലിയ ശരീരത്തിലെ നാദത്തുടിപ്പുകൾ നിത്യമൗനത്തിലൊളിച്ചു.
ചില വേർപാടുകൾ നമ്മെ തീരാ ദു:ഖത്തിലാഴ്ത്തും.കണ്ണീർത്തുള്ളികളാൽ കഴുകിക്കളയാനാവാത്ത ദു:ഖം. ഓർക്കുമ്പോഴൊക്കെ നെഞ്ചിലൊരു വിങ്ങലുണർത്തുന്ന സങ്കടം.
പാടിപ്പാടി ഉച്ചസ്ഥായിയിലെത്തി അലിഞ്ഞു തീർന്ന രാഗംപോലെ അദ്ദേഹം മാഞ്ഞുപോയി.
പക്ഷെ..ആ പാട്ടുകൾ മാത്രം കാലദേശങ്ങൾക്കതീതമായി നിലനില്ക്കുന്നു.
ഒരിക്കലും മരിക്കാത്ത മധുര സംഗീതത്തിൻ്റെ അലയടികളായി.
ഒരു പാട്ട് ഓർമ്മ വരുന്നു..
നാല്പതു വർഷം മുമ്പ് രാജസംഗീതത്തിൽ ജാനകിയമ്മയ്ക്കൊപ്പം അദ്ദേഹം പാടിയ പാട്ട്..
" അന്തിമഴൈ പൊഴികിറത്
ഒവ്വൊരു തുളിയിലും
ഉൻമുഖം തെരികിറത്. .. "
പ്രിയപ്പെട്ട ഗായകാ..
അനാദിമദ്ധ്യാന്തമായ സംഗീതത്താൽ നീയൊരുക്കിയ ഈ മധുമഴയുടെ
ഓരോ തുള്ളിയിലും നിൻ്റെ മുഖമുണ്ട്.. നിഷ്ക്കളങ്കമായ നിൻ്റെ ചിരിയുണ്ട്. അതു മതി ഇനി ഞങ്ങൾക്ക് ക്രൂരനായ കാലത്തെ തോൽപ്പിക്കാൻ.
പ്രണാമം...