ഇന്ന് വൈകുന്നേരം 5 മണിയോടെ ഇളയ മകൻ ആനന്ദിൻ്റെ പ്രതിശ്രുത വധു രാധികാ മർച്ചൻ്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ. പി.വിനയൻ ,ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ച. ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു.
ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്.
ദേവസ്വം മൾട്ടി സ്പെഷ്യൽ ആശുപത്രി പദ്ധതിക്ക് സഹായം പരിഗണിക്കും..
ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ക്ഷേത്ര ദർശനത്തിനെത്തിയ മുകേഷ് അംബാനിയുമായി ഇക്കാര്യം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ സംസാരിച്ചു. നിവേദനത്തിലെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചതായി ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.