തങ്കുപ്പൂച്ചയുടെ ടീച്ചറെ കാത്തിരുന്ന കുട്ടികൾ, ഫസ്റ്റ്‌ബെല്ലിന് തിരശ്ശീല; സായി ശ്വേതയുടെ അനുഭവങ്ങൾ

കോവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കാൻ കുട്ടികളെ സഹായിച്ച ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസ് അവസാനിക്കുന്നു . ഫസ്റ്റ് ബെൽ എന്ന് കേൾക്കുമ്പോഴേ മനസിലോടിയെത്തുന്ന ഒരു മുഖമുണ്ട്. തങ്കുപ്പൂച്ചേ... മിട്ടുപ്പൂച്ചേ.. എന്ന് നീട്ടിവിളിച്ച് കുട്ടികളുടെ മനസിൽ കയറിക്കൂടിയ സായി ശ്വേത. ഓൺലൈൻ ക്ലാസുകൾ വിരസമാകുമെന്ന മുൻധാരണ മാറ്റാൻ സായി ശ്വേതയിലൂടെ ഫസ്റ്റ് ബെല്ലിനായി. മുന്നിൽ കുട്ടികളുണ്ടോ എന്ന് കാണുന്നവർക്ക് പോലും സംശയം തോന്നിപ്പോകുന്ന അവതരണം. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അദ്ധ്യാപികയാണ് സായി ശ്വേത. സംസ്ഥാനത്തെ 'അദ്ധ്യാപകക്കൂട്ടം' വാട്സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത്. ഫസ്റ്റ് ബെൽ 2.0  അവസാനിക്കുമ്പോൾ പോയ രണ്ട് വർഷത്തെ അനുഭവം പറയുകയാണവർ.

 ഫസ്റ്റ് ബെൽ 2.0  അവസാനിക്കുമ്പോൾ പോയ രണ്ട് വർഷത്തെ അനുഭവം പറയുകയാണ് സായിശ്വേത

ഫസ്റ്റ് ബെൽ 2.0  അവസാനിക്കുകയാണ്. എന്തു തോന്നുന്നു?

അപ്രതീക്ഷിതമായാണ് ഞാൻ ഫസ്റ്റ് ബെല്ലിൽ എത്തിയത്. ഭയങ്കര പേടി കാരണം ഒഴിവാക്കാൻ ശ്രമിച്ചതാണ് ആദ്യം. പക്ഷേ, രണ്ട് വർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ വല്ലാത്തൊരു ആനന്ദമുണ്ട്. 2020 ജൂണിലാണ് ആദ്യ ക്ലാസ് വരുന്നത്. ഈ രണ്ട് വർഷക്കാലവും കുട്ടികളെന്നോട് കാണിച്ച സ്നേഹം ഒരിത്തിരിപോലും കുറഞ്ഞിട്ടില്ല. പോകുന്ന വഴിയേ ഒരിക്കലെങ്കിലും ശ്വേത ടീച്ചറല്ലേ എന്ന ചോദ്യം ഞാൻ കേൾക്കാതിരുന്നിട്ടില്ല. ആ ഇഷ്ടക്കൂടുതൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പ്രായമുള്ളവർക്കും അമ്മമാർക്കുമെല്ലാം ഉണ്ട് എന്നതിലാണ് ഏറെ സന്തോഷം

 🔴ഫസ്റ്റ് ബെല്ലിൽ വന്നതിന് ശേഷം മറക്കാൻ പറ്റാത്ത അനുഭവം പറയാമോ ?

ഒരു ദിവസം ഒരു അമ്മ  എന്നെ ഫോണിൽ വിളിച്ചു. മകൻ എങ്ങോട്ട് വിളിച്ചിട്ടും വരുന്നില്ല ടീച്ചറേയെന്ന് പറഞ്ഞു. കളിക്കാൻ പോലും പോവുന്നില്ലെന്ന് ഏറെ വിഷമത്തോടെയാണവർ പറഞ്ഞത്. ഇക്കാര്യം എന്തിനാണ് എന്നോട് പറഞ്ഞതെന്ന് ആദ്യമെനിക്ക് മനസിലായില്ല. ആ അമ്മയാണ് പറഞ്ഞത് അവനെന്നെ കാത്തിരിക്ക്യാണെന്ന്. ഫസ്റ്റ് ബെല്ലിന്റെ ലാസ്റ്റ് ക്ലാസിന്റെ അവസാനം കുട്ടികളോടായി ഞാൻ നോട്ട് ബുക്ക് നോക്കാൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുട്ടികൾ നോട്ടെല്ലാം കൃത്യമായി എഴുതാൻ വെറുതെ പറഞ്ഞതാണ്. ഞാനാക്കാര്യം വിട്ടുപോയിട്ടുണ്ടായിരുന്നു.

' ടീച്ചർക്ക് സമയല്ലാത്തതാ അമ്മേ, എല്ലാ വീട്ടിലും പോണ്ടേ? ഞാനെവിടേലും കളിക്കാനൊക്കെ പോയാല് ടീച്ചറെന്നെ കണ്ടില്ലെങ്കിലോ, അതോണ്ട് ഞാനെവിടേക്കൂല്ല.' എനിക്കാകെ സങ്കടം വന്നു. പിന്നെ ഞാൻ ആ മോനെ വിളിച്ചു. 'ടീച്ചറ് വരുമ്പോ മോനെ വിളിക്കാ ട്ടോ' അതിന് ശേഷമാണ് അവൻ വീടിന് പുറത്തിറങ്ങിയത്. മറക്കാൻ പറ്റാത്തൊരനുഭവമാണത്. കുട്ടികൾക്ക് കാണണമെന്ന് പറഞ്ഞ് ഒരുപാട് സ്കൂളിൽ ഞാൻ പോയിട്ടുണ്ട്. കുട്ടികളൊക്കെ ഓടിവരുമ്പോ ശ്വേതടീച്ചറേന്നല്ല വിളിക്കാറ്. തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയുമാണവർക്ക്. തങ്കുപ്പൂച്ചേന്റെ ടീച്ചറല്ലേന്നാ അവരെന്നോട് ചോദിക്കാറ്. സിബിഎസ്ഇ കുട്ടികളുടെ പരിപാടികൾക്കും പോയിട്ടുണ്ട്. അവരൊക്കെ ഫസ്റ്റ് ബെൽ ക്ലാസ് കാണുന്നവരാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി

തിരുവനന്തപുരത്ത് എനിക്ക് ഒരു അനുമോനുണ്ട്. ഓട്ടിസ്റ്റിക്കാണ് അവൻ. അനുമോന്റെ അമ്മ ഒരിക്കലെന്നെ വിളിച്ചിട്ട് പറഞ്ഞു മോന് ഭയങ്കര ഇഷ്ടമാണ് ടീച്ചറിനെ എന്ന്. ഫസ്റ്റ് ബെല്ലിന്റെ ആദ്യത്തെ ക്ലാസിൽ തങ്കുപ്പൂച്ചയുടെ കഥ പറയുന്നത് കണ്ടതാണ്. പിന്നെ എന്നും ആ സമയമാകുമ്പോൾ കൃത്യമായി അവൻ ടിവിക്ക് മുന്നിലെത്തും. ഒരു ദിവസം എനിക്ക് ക്ലാസില്ലായിരുന്നു. അന്ന് മോന് ആകെ ടെൻഷനായി. അതിന്ശേഷം അവരെന്റെ ക്ലാസുകൾ റെക്കോർഡ് ചെയ്ത് കാണിക്കാൻ തുടങ്ങി. ഇപ്പോൾ ഇടക്കിടെ വിളിക്കാറുണ്ട്. നേരിട്ട് കണ്ടിട്ടില്ല ഇതുവരെ. പോയികാണണം.

ഒരു ദിവസം വിക്ടേഴ്സിൽ ക്ലാസെടുക്കുന്ന നിഷ ടീച്ചർ എനിക്കൊരു വീഡിയോ അയച്ചുതന്നു. ഫസ്റ്റ് ബെല്ലിലെ എന്റെ ക്ലാസ് കേട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞുവാവ. ആറ് മാസമേ ഉള്ളൂ അവൾക്ക്. ഞാനവരെ അപ്പോതന്നെ വിളിച്ചു. എത്രകരച്ചിലാണെങ്കിലും ടീച്ചറിന്റെ ശബ്ദം കേട്ടാ മതി മിഴിമോള് നിർത്താതെ ചിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഭക്ഷണം കൊടുക്കുമ്പോഴും വാശിപിടിക്കുമ്പോഴുമൊക്കെ അവരതാണ് മോളെ കാണിക്കാറ്. മിഴിമോളെയും പോയി കാണണം. കുഞ്ഞിവാവ വരെ തിരിച്ചറിയുന്നു. വലിയൊരു ഭാഗ്യമല്ലേ ഇത്. അങ്ങനെ കരുതാനാണിഷ്ടം

 🔴പഠനം ഓൺലൈനാകുമ്പോൾ കുട്ടികൾക്ക് അടുപ്പം കുറയുമെന്ന് വിമർശനങ്ങളുണ്ടായിരുന്നു. അങ്ങനെ തോന്നിയോ ?

ഒരിക്കലുമില്ല. കുട്ടികൾക്കുള്ള സ്നേഹം കൂടുകയാണ് ചെയ്തത്. വീഡിയോ കോളും ക്ലാസുകളുമെല്ലാമായി അവർക്കെന്നോട് നല്ല അടുപ്പമായിരുന്നു. കുട്ടികൾ തമ്മിലും നല്ല അടുപ്പമായിരുന്നു. ഒക്ടോബർ-നവംബറിലാണല്ലോ സ്കൂളുകൾ വീണ്ടും തുറക്കുന്നത്. ഓൺലൈനിൽ എല്ലാവരും ഒരുമിച്ചായിരുന്നതുകൊണ്ട് ക്ലാസുകൾ ബാച്ചാക്കിയതായിരുന്നു അവർക്ക് വിഷമം. എല്ലാവരും ഒന്നിച്ചായപ്പോഴേക്കും സ്കൂൾ അടച്ചതിന്റെ പരിഭവത്തിലാണ് കുട്ടികൾ. ഓൺലൈൻ വഴിയാകുമ്പോൾ സ്നേഹം കുറയുന്നതായി തോന്നിയിട്ടില്ല. പക്ഷേ അവരോട് വായിക്കാനൊക്കെ പറയുമ്പോൾ സകൂളിലേതുപോലൊരു സംതൃപ്തി കിട്ടുന്നില്ല. സ്കൂളിൽ നിന്ന് നേടേണ്ട ചിലകാര്യങ്ങളുമുണ്ടല്ലോ. അതുകൊണ്ട് അടുത്ത വർഷം സ്കൂൾ തുറക്കണമെന്ന് തന്നെയാണ് ആഗ്രഹം

 🔴അടുത്ത വർഷം ഫസ്റ്റ് ബെൽ ഉണ്ടാകുമോ

അടുത്ത വർഷം ഫസ്റ്റ് ബെൽ ഉണ്ടാകുമോ എന്നറിയില്ല. ഉണ്ടെങ്കിലും ഈ ക്ലാസ് തന്നെ ആയിരിക്കാം ചിലപ്പോൾ റിപ്പീറ്റ് ചെയ്യുന്നുണ്ടാവുക. നിലവിൽ അതേക്കുറിച്ച് നിർദ്ദേശങ്ങളൊന്നും തന്നിട്ടില്ല. അദ്ധ്യാപകർക്കായുള്ള പരിശീലന കോഴ്സ് നടക്കുന്നുണ്ട് ഇപ്പോൾ.

💫💫💫💫💫💫💫💫💫💫💫💫

' ഫസ്റ്റ് ബെൽ' ഓൺലൈൻ ക്ലാസുകൾ അവസാനിച്ചു

9500-ലധികം ഡിജിറ്റൽ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വർഷം സംപ്രേഷണം ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി വിക്ടേഴ്സ് ചാനലിൽ നടത്തിവന്നിരുന്ന 'ഫസ്റ്റ് ബെൽ' ക്ലാസുകൾ  അവസാനിച്ചു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഉണ്ടായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെൽ ക്ലാസുകൾ ആരംഭിച്ചത്.

ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം  നിർത്തുന്ന കാര്യം കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചിരുന്നു. 2021 ജൂൺ ഒന്ന് മുതൽ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകൾക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷൻ, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വർഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂർത്തിയാക്കി. ഇപ്പോൾ പ്ലസ് വൺ ക്ലാസുകളുടെ സംപ്രേഷണവും പൂർത്തിയാക്കിയതോടെയാണ് ഫസ്റ്റ് ബെൽ ക്ലാസുകൾ നിർത്തുന്നത്.

ജനറൽ, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉൾപ്പെടെ 9500ലധികം ഡിജിറ്റൽ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വർഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തിൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകൾക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ഠിതമായ റിവിഷൻ ക്ലാസുകൾ കാഴ്ചാപരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകൾ, ശ്രവണ പരിമിതർക്കുള്ള സൈൻ അഡാപ്റ്റ് ക്ലാസുകൾ ഉൾപ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുമുണ്ട്.

ഇതിനു പകരമായി ഇനി ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികൾ, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകൾ, കേരളം മണ്ണും മനുഷ്യനും, ഞാൻ സംരംഭകൻ തുടങ്ങിയവ ഉൾപ്പെടെയുള്ള ഒരു കൂട്ടം വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണങ്ങളാകും ഉണ്ടാകുക. ഇതിന് പുറമെ പ്ലസ് വൺ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തിൽ റിവിഷൻ, ലൈവ് ക്ലാസുകളും ഓഡിയോ ബുക്കുകളും ആരംഭിക്കും.