ഉരുണ്ടെത്തിയ പാറക്കല്ല് ബൈക്കും യാത്രക്കാരനെയും കൊണ്ട് താഴേക്ക്.. ദാരുണാന്ത്യം

കോഴിക്കോട്:താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരുടെ മേല്‍ കല്ല് വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.മലയുടെ മുകളില്‍ നിന്നും ഉരുണ്ട് വന്ന വലിയ പാറക്കല്ല് ആറാം വളവില്‍ വച്ച്‌ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.ഏപ്രില്‍ 16നാണ് ചുരത്തില്‍ അപകടമുണ്ടായത്. ചുരത്തില്‍ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കില്‍ പതിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന പാറക്കല്ല് വീണ് ബൈക്കും യാത്രക്കാരും തെറിച്ചുപോയി.

സംഭവത്തില്‍ നിലമ്പൂർ സ്വദേശിയായ അഭിനവ് (20) അപകടത്തില്‍ മരിച്ചിരുന്നു.ഗുരുതര പരുക്കുകളോടെ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അനീഷിനും ഗുരുതര പരിക്കേറ്റു. അഞ്ചാം വളവിലുള്ള വനത്തിലെ മരത്തില്‍ തട്ടിയാണു കല്ല് നിന്നത്.

ഇവരുടെ പിറകിലുണ്ടായിരുന്ന മറ്റൊരു ബൈക്കിലെ യാത്രികന്റെ ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് 250 മീറ്റര്‍ ഉയരത്തില്‍ നിന്നും കല്ല് ഉരുണ്ട് വന്നത്. തുടര്‍ന്ന് കല്ല് ഇവരുടെ ബൈക്കില്‍ പതിക്കുകയായിരുന്നു.