ഷവോമിയുടെ 5521 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ബംഗളൂരു:  ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5521 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.വിദേശനാണ്യ വിനമയച്ചട്ടം ലംഘിച്ചതിനാണ് നടപടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു.

ഷവോമിക്ക് ഇന്ത്യയില്‍ 34,000 കോടിയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. പണത്തില്‍ നല്ലൊരു പങ്കും ഷവോമി ചൈനയിലെ മാതൃ കമ്ബനിയിലേക്കു കൈമാറിയതായി ഇഡി പറഞ്ഞു. ശേഷിച്ച തുക എച്ച്‌എസ്ബിസി, സിറ്റി ബാങ്ക്, ഐഡിബിഐ, ഡച്ച്‌ ബാങ്ക് എന്നിവയിലെ അക്കൗണ്ടുകളിലായാണ് ഉണ്ടായിരുന്നത്.

2014 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു ന്ല്‍കുന്നതിന് ഇന്ത്യയിലെ കമ്ബനികളുമായി ഷവോമി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൈനയില്‍നിന്ന എത്തിച്ചുനല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച്‌ കമ്ബനി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളോടെ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു നല്‍കാനാണ് കരാര്‍.

നിര്‍മാതാക്കള്‍ക്ക് ഷവോമി ഇന്ത്യ ഒരു തരത്തിലുള്ള സാങ്കേതിക പിന്തുണയോ സോഫ്‌റ്റ്വെയര്‍ സഹായമോ നല്‍കുന്നില്ലെന്ന് ഇഡി പറഞ്ഞു. ഒരു തരത്തിലുള്ള സേവനവും സ്വീകരിക്കാതെയാണ് മൂന്നു വിദേശ കമ്ബനികളിലേക്ക് ഷവോമി പണം കൈമാറിയിട്ടുള്ളത്. ഫെമയുടെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച്‌ അനുമതിയില്ലാതെയാണ് പണം കൈമാറ്റമെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു