*കിളിമാനൂരിൽ മോഷ്ടിച്ച ആടുകളെ വില്പനയ്ക്ക് എത്തിച്ചത് വിഴിഞ്ഞത്തു നിന്ന് ...* *ഒടുവിൽ പിടിയിലായത് ഇങ്ങനെ.....*........

കിളിമാനൂര്‍ ചന്തയില്‍ ജമ്‌നാപ്യാരി ഇനത്തില്‍പ്പെട്ട ആട് വില്‍ക്കാനെത്തിയയാൾ മോഷ്ടാവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരും കച്ചവടക്കാരും തടഞ്ഞുവെച്ച് പോലീസിന് കൈമാറി. വട്ടിയൂര്‍ക്കാവ് മുളവുകാട് മണലയത്തില്‍ സുന്ദരനെന്ന് അറിയപ്പെടുന്ന ജയന്‍ (61) ആണ് പിടിയിലായത്. 
 
മോഷ്ടാവായ ജയന്‍ ഒരു മാസം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.അടുത്ത കാലത്ത് വിഴിഞ്ഞം ആഴിമലയിലേക്കുള്ള ബസ് യാത്രക്കിടയില്‍ റോഡരികില്‍ നിന്ന് പനവിള മാവിള പുത്തന്‍വീട്ടില്‍ മോഹനന്റെ  ആടിനെയും കുട്ടികളെയും നോട്ടമിട്ടു. മോഹനന്റെ മകന്‍ വളര്‍ത്താന്‍ വാങ്ങി നല്‍കിയതായിരുന്നു അറുപതിനായിരം രൂപ വിലയുള്ള ജമ്നപ്യാരി ആട്. വെള്ളിയാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞത്ത്  എത്തിയ ജയന്‍ ആടിനെ കടത്താന്‍ ഗുഡ്‌സ് ഓട്ടോ സംഘടിപ്പിച്ചു. വിലക്ക് വാങ്ങിയ ആടിനെ കിളിമാനൂര്‍ ചന്തയില്‍ എത്തിക്കണമെന്നും രാത്രി രണ്ട് മണിയോടെ പനവിളയില്‍ ഓട്ടോ കൊണ്ടുവരണമെന്നുമാണ് ഡ്രൈവറോട് പറഞ്ഞത്. രാത്രി ഒന്നരയോടെ തന്നെ തൊഴുത്തില്‍ നിന്ന് ശബ്ദമുണ്ടാകാത്ത വിധംപുറത്തിറക്കിയ ആടുമായി ഓട്ടോയില്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ കിളിമാനൂര്‍ ചന്തയില്‍ എത്തി 35000 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടല്‍ ഇയാള്‍ നേരത്തെ മോഷ്ടിച്ച് കടത്തിയെങ്കിലും പിന്നീട് തിരികെ കിട്ടിയ മറ്റൊരു ആടിന്റെ ഉടമസ്ഥന്‍ ജയനെ തിരിച്ചറിഞ്ഞു.വില്‍പനക്ക് കൊണ്ടുവന്ന ആടിനെ മോഷ്ടിച്ചതാകാമെന്ന് കരുതി ഇയാളെ ചന്തയിലുള്ളവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് കിളിമാനൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി ആടുകളെയും മോഷ്ടാവിനെയും സ്റ്റേഷനില്‍ എത്തിച്ചു. ആടുകളെ കാണാതായതോടെ മോഹന്‍ അന്വേഷണം തുടങ്ങി. പിന്നീട് പൊലീസില്‍ പരാതിപ്പെട്ടു. ചോദ്യം ചെയ്ത ശേഷം ജയനെയും ആടുകളെയും വിഴിഞ്ഞം പൊലീസിന് കൈമാറി. എന്നാല്‍ വിഴിഞ്ഞത്ത് നിന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോ  കണ്ടെത്താനായിട്ടില്ല. ആടിനെ മോഷ്ടിച്ചത് ഇയാള്‍ മാത്രമാണോ എന്നുള്ളത് ഉള്‍പ്പെടെ അന്വേഷിക്കുമെന്നും ഇതിനായി സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുമെന്നും വിഴിഞ്ഞം സി ഐ പ്രജീഷ് ശശി അറിയിച്ചു.