സിബിഐ ദി ബ്രെയിനിൽ ജോയിൻ ചെയ്ത് ജഗതി,കൊമ്പൻ മീശയുമായി വിക്രം സേതുരാമയ്യർക്കൊപ്പം

ഏറെ നാളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന തിരിച്ചുവരവ് ആണ് ഇത്. സിബിഐ 5; ദി ബ്രെയ്നിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജ​ഗതി.സേതുരാമയ്യര്‍ക്കും ചാക്കോയ്ക്കുമൊപ്പമുള്ള വിക്രമിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ കെ മധുവാണ് സിബിഐ 5 ടീമിനൊപ്പമുള്ള ജ​ഗതിയുടെ ‌ചിത്രം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.

രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥന്‍ വിക്രമായി എത്തിയിരിക്കുന്ന ജ​ഗതിയെയാണ് ചിത്രത്തില്‍ കാണുന്നത്. വിക്രം സ്റ്റൈലിലുള്ള കൊമ്പൻ മീശ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ജ​ഗതിയും പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം എന്നാണ് ഫേയ്സ്ബുക്കില്‍ താരം കുറിച്ചത്. ജ​ഗതിക്കൊപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എന്‍ സ്വാമി, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്.

മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നു. സിബിഐ 5 ദി ബ്രെയ്ന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.