*മദ്യ വിൽപനശാല തകർത്ത് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു*

പാറശാല ∙മദ്യവിൽപന ശാലയുടെ വാതിൽ തകർത്ത് ഒരു ലക്ഷത്തോളം രൂപയുടെ മദ്യം കവർന്നു. സംസ്ഥാന അതിർത്തിയിൽ പളുകൽ താമരയോടിൽ പ്രവർത്തിക്കുന്ന തമിഴ്നാട് ടാസ്മാക് മദ്യശാലയിൽ ശനി രാത്രിയാണ് മോഷണം നടന്നത്. വില കൂടിയ ഇനം മദ്യം ആണ് കവർന്നത്. കമ്പി വളച്ച് അകത്ത് കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ വാതിൽ പെ‍ാളിച്ച് അകത്തു കടക്കുകയായിരുന്നു. 

രണ്ട് സിസിടിവി ക്യാമറകളും തകർത്തു. വിൽപന ശാലയിലെ അലമാര തുറക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിൽപന ശാലയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന വാൻ മോഷ്ടിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. തക്കല ഡിഎസ്പി ഗണേഷിന്റെ നേതൃത്വത്തിൽ പെ‍ാലീസ് സംഘം പരിശോധന നടത്തി