ഫോണുകൾ മാറ്റിയത് നിസ്സഹകരണമെന്ന് കോടതി, ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.  ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വയ്ക്കുന്നത് കേട്ടുേകൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിൽ കൈമാറിയിരുന്നു. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഇവയടക്കം 6 ഫോണുകളാണ് കൈമാറിയത്. ഇന്നു രാവിലെ 10.15നു മുൻപു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.