മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞതിന് ഹൈക്കോടതി സ്റ്റേ; വിശദീകരണം തേടി

കൊച്ചി:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ഹൈക്കോടതി രണ്ടുദിവസത്തേക്ക് തടഞ്ഞു. ചാനലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചാനല്‍ വ്യക്തമാക്കി. നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.