ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വർഷം

തൃശൂര്‍: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനം ഇന്ന്. ചൈനയിലെ വുഹാനില്‍ നിന്നെത്തി, കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്.ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ സ്രവം പുണെയിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് പെണ്‍ക്കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്രവ പരിശോധനാ ഫലം മൂന്ന് തവണ നെഗറ്റീവ് ആയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. മാര്‍ച്ച്‌ എട്ടിന് ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുമ്ബോള്‍ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു. പ്രവാസികള്‍ക്ക് ക്വാറന്റീന്‍, രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കല്‍, റൂട്ട് മാപ്പ് തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തില്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.