*കിടപ്പ് രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്*

തിരുവനന്തപുരം : സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌‌ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണം. സര്‍ക്കാര്‍, സന്നദ്ധ മേഖലയിലുള്ള ധാരാളം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ നിലവില്‍ കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നുണ്ട്.

ഗുരുതരമല്ലാത്ത പാലിയേറ്റീവ് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാതെ വീടുകളില്‍ പോയി ശാസ്‌ത്രീയമായ പരിചരണം നൽകാന്‍ എല്ലാ യൂണിറ്റുകളള്‍ക്കും കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സന്നദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌‌സുമാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കോവിഡ് രോഗികളുടെ പരിചരണത്തില്‍ പരിശീലനം നല്‍കിവരുന്നു. മുഴുവന്‍ നഴ്‌സുമാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. രോഗികളുടെ ചികിത്സയ്‌ക്ക് വേണ്ട നിര്‍ദേശങ്ങള്‍ അതാതു ജില്ലയിലെ ഡോക്‌ടര്‍മാര്‍ക്ക് ഫോണ്‍ മുഖാന്തരം നല്‍കുവാന്‍ കഴിയും. ഇസഞ്ജീവിനി പ്ലാറ്റഫോമും ഉപയോഗപ്പെടുത്തണം.
ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പ്രത്യേകിച്ചും പ്രായമായവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആശുപത്രിയിലേക്ക് വരുത്താതെ വീടുകളില്‍ എത്തിച്ചു വരുന്നു. സന്നദ്ധപ്രവത്തകര്‍ സര്‍ക്കാര്‍ ആശുപത്രികളും തദ്ദേശ സ്ഥാപനവുമായി ചേര്‍ന്ന് ഈ പദ്ധതിക്ക് വേണ്ട പിന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ സഹകരണം കൂടി ഉറപ്പാക്കി രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിനാണ് യോഗം കൂടിയത്. കേരളത്തിലെ പാലിയേറ്റീവ് ഹോം കെയര്‍ നടത്തുന്ന മുന്നൂറിലധികം സന്നദ്ധ സംഘടനകളില്‍ നിന്ന് 650 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു."