*അണ്ടര്‍ 19 ലോകകപ്പ്; ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍*

ആന്റിഗ്വ: അണ്ടർ 19 ലോകകപ്പിൽ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവ സംഘത്തിന്റെ ജയം.
ഇതോടെ ബംഗ്ലാദേശിനെതിരേ 2020 ലോകകപ്പിന്റെ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനും ഇന്ത്യയ്ക്കായി. ബുധനാഴ്ച നടക്കുന്ന സൂപ്പർ ലീഗ് സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറിൽ വെറും 111 റൺസിന് കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിൽ 30.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ടീം ലക്ഷ്യം കാണുകയായിരുന്നു.

65 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 44 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷായിക് റഷീദ് 59 പന്തുകൾ നേരിട്ട് 26 റൺസെടുത്തു. ക്യാപ്റ്റൻ യാഷ് ദുൾ 26 പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു. ജയം നേടുമ്പോൾ യാഷിനൊപ്പം 18 പന്തിൽ നിന്ന് 11 റൺസുമായി കൗശൽ താംബെയും ക്രീസിലുണ്ടായിരുന്നു.
ബംഗ്ലാദേശിനായി റിപ്പോൺ മൊണ്ടൽ നാലു വിക്കറ്റ് വീഴ്ത്തി.

നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ടു വിക്കറ്റ് നേടിയ വിക്കി ഒസ്ത്വാളും ചേർന്നാണ് ബംഗ്ലാദേശിനെ 111-ൽ ഒതുക്കിയത്. കൗശൽ താംബെ, രാജ്വർദ്ധൻ ഹാംഗർഗേകർ, ആംഗ്രിഷ് രഘുവംശി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
48 പന്തിൽ നിന്ന് 30 റൺസെടുത്ത എസ്.എം മെഹെറോബാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ.