*തച്ചൂർകുന്ന് കൈരളി ഇടറോഡിലെ വെള്ളക്കെട്ടിന് പരിഹാരം*

ആറ്റിങ്ങൽ: നഗരസഭ വാർഡ് 6 തച്ചൂർകുന്നിൽ നിന്നും കൈരളി പനവേലി പറമ്പ് ഭാഗത്തേക്കുള്ള പ്രധാന പാതയിൽ ബന്ധിപ്പിക്കുന്ന ഇടറോഡാണ് പുനർ നിർമ്മിച്ചത്. 260 മീറ്റർ നീളമുള്ള ഈ റോഡിന്റെ ഒരു വശത്ത് മഴ വെള്ളം കെട്ടി നിന്ന് കാൽ നടയാത്രക്ക് പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്ന് നാട്ടുകാരും പ്രാദേശിക സിപിഎം പ്രവർത്തകരും ഈ പ്രശ്നം ചൂണ്ടിക്കാട്ടി നഗരസഭ അധ്യക്ഷക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതിയിൽ താഴ്ന്ന ഭാഗം ഉയർത്തിക്കൊണ്ട് റോഡ് പുനർ നിർമ്മിക്കുക ആയിരുന്നു. പരമ്പരാഗതമായി മഴവെള്ളം ഒഴുകി പോകുന്ന ചാലുകൾ സമീപത്തെ സ്വകാര്യ വ്യക്തി മതിലു കെട്ടി അടച്ചതിനാലാണ് ഈ പ്രതിസന്ധി സംജാതമായത്. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ പരമാവധി വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കും. കൂടുതൽ ഫണ്ട് വകമാറ്റി മഴവെള്ളം റോഡിന് വശങ്ങളിൽ നിർമ്മിക്കുന്ന ദൂർഗർഭ അറയിൽ സംഭരിച്ച് നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതിയും നഗരസഭയുടെ പരിഗണനയിലാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.