അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക്,ഹാട്രിക് കിരീടനേട്ടം

ദുബായ്: ഇന്ത്യ അണ്ടര്‍ – 19 ഏഷ്യന്‍ ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി.ദുബായില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഒരിക്കല്‍കൂടി അണ്ടര്‍ – 19 കിരീടം സ്വന്തമാക്കുന്നത്. മഴമൂലം തടസം നേരിട്ട മത്സരത്തില്‍ 63 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ വിജയലക്ഷ്യം മറിക്കടന്നത്. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യകപ്പ് അണ്ടര്‍ – 19 കിരീടമാണിത്. അതില്‍ തന്നെ തുടര്‍ച്ചയായ മൂന്നാമത്തെ കിരീടവിജയം കൂടിയാണിത്. ആകെ ഒന്‍പത് ടൂര്‍ണമെന്റുകള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നത് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ തെളിവാണ്.

മഴകാരണം ഓവറുകള്‍ വെട്ടികുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. മഴകാരണം പിന്നെയും ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തിലെ പുതുക്കിയ വിജയലക്ഷ്യമായ 102 റണ്‍സ് ഇന്ത്യക്ക് 32 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. എന്നാല്‍ 21.3 ഓവറില്‍ ഇന്ത്യന്‍ യുവനിര വിജയലക്ഷ്യം അനായാസം മറികടന്നു.

ഓപ്പണര്‍ അംഗ്ക്രിഷ് രഘുവംശി (56) നേടിയ അര്‍ദ്ധസെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയതീരത്തെത്തിയത്. ഇന്ത്യന്‍ സ്കോര്‍ എട്ടില്‍ എത്തിയപ്പോള്‍ അഞ്ച് റണ്ണെടുത്ത ഓപ്പണര്‍ ഹര്‍ണൂര്‍ സിംഗ് പുറത്തായെങ്കിലും 31 റണ്ണെടുത്ത് ഷെയ്ക്ക് റഷീദും രഘുവംശിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ 57/7 എന്ന നിലയിലായിരുന്ന ലങ്കയെ യസിരു റോഡ്രിഗോ(19*), മഹീഷ പതിരാന(14), രവീന്‍ ഡി സില്‍വ(15) എന്നിവര്‍ ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ട്വാല്‍ മൂന്നും കൗശല്‍ താംബേ രണ്ടും വിക്കറ്റുകള്‍ നേടി. രാജ്‌വര്‍ദ്ധന്‍, രവികുമാര്‍, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.