*കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശം*

കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടം. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പാറശ്ശാല ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണു. 

നെയ്യാറ്റിൻകരയിൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി.കോവളം വാഴമുട്ടത്ത്  വീടുകൾക്ക് മേൽ മണ്ണിടിഞ്ഞ് വീണു. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയാണ് നഗരത്തിലടക്കം വലിയ ദുരിതം വിതച്ചത്.  തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ റയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിൽ. നാഗർകോവിൽ -കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. 

മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 220 സെന്‍റിമീറ്ററും, നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റിമീറ്ററും,  പേപ്പാറ ഡാം ഷട്ടറുകൾ 80 സെന്‍റിമീറ്ററും ഉയർത്തിയിട്ടുണ്ട്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.  അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ  നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.