ഷൂ ഊരില്ലെന്ന് വരൻ; കെട്ടിയ താലി ഊരി നൽകിയ വധു അതേ വേദിയിൽ മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു: കടയ്ക്കലിൽ വിവാഹ വേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കടയ്ക്കൽ: നിലവിളക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിവാഹ വേദിയിൽ കെട്ടി താലി വരന് ഊരി നൽകി വധു മറ്റൊരാളെ വിവാഹം കഴിച്ചു. കടയ്ക്കൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ. 
താലികെട്ടിന് ഹാളിലെത്തിയതിനു പിന്നാലെ വിവാഹ വേദിയിൽ നിലവിളക്ക് പാടില്ലെന്ന് വരൻ വാശി പിടിച്ചു. കീഴ്‌വഴക്കങ്ങൾ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു വധുവും കുടുംബവും. ഇതോടെ തർക്കം ഉടലെടുത്തു. ഇതിനിടെ വേദിയിൽ ഷൂ ഊരാൻ കഴിയില്ലെന്നായി വരൻ. ഇതോടെ വാക്ക് തർക്കം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീട് മുതിർന്നവർ ഇടപെട്ട് വേദിക്ക് പുറത്ത് താലികെട്ട് നടത്തി.
എന്നാൽ താലികെട്ട് കഴിഞ്ഞും വരനും വധുവും തമ്മിൽ തർക്കമായി. ഇതിനിടെ തർക്കം വരന്‍റെയും വധുവിന്‍റെയും വീട്ടുകാരിലേക്കും നീണ്ടു. ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ഇതിനു പിന്നാലെ വധു കെട്ടിയ താലി അഴിച്ച് വരന് നൽകി. തുടർന്ന് വിവാദമായ അതേ വേദിയിൽ വച്ച് വധു ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.